റിയാദ്: സഊദിയിൽ സീസണൽ ഫ്ലു വ്യാപിക്കുന്നു. ഇതിന് പിന്നാലെ ഇതോടനുബന്ധിച്ചുള്ള ICU രോഗികളുടെ എണ്ണത്തിൽ ഏകദേശം 30 ശതമാനം വർധനവ് ഉണ്ടായതായും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസുകൾ സജീവമാകുന്ന കാലയളവ് ആരംഭിച്ചതോടെ ഇത്തരം അണുബാധ കേസുകളിൽ വർദ്ധനവ് ഉണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർദ്ധനവ് പ്രതീക്ഷിക്കാവുന്ന സീസണൽ മാറ്റങ്ങളുടെ ഭാഗമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ സീസണിൽ വിവിധ ശ്വസന വൈറസുകളുടെ വ്യാപനം വർദ്ധിച്ചതിനൊപ്പം, കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ശ്വസന സംബന്ധമായ അണുബാധകളെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഏകദേശം 30 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി പ്രതിരോധ നടപടികൾ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം എടുത്തുപറഞ്ഞു. കൈകളുടെ ശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പാലിക്കേണ്ട മര്യാദകൾ പിന്തുടരുക, അടച്ചിട്ട സ്ഥലങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കുക, മാസ്ക് ധരിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ദീർഘകാല രോഗങ്ങളുള്ളവർ, 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, 6 മാസം മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾ, ഗർഭിണികൾ, അമിതവണ്ണമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ഫ്ലൂ മൂലമുള്ള സങ്കീർണ്ണതകൾക്ക് സാധ്യത കൂടുതൽ.
അണുബാധ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥയും സങ്കീർണ്ണതകളും കുറയ്ക്കാൻ സഹായിക്കുന്ന സീസണൽ ഫ്ലൂ വാക്സിൻ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) വാക്സിൻ എന്നിവ നിർദ്ദിഷ്ട വിഭാഗങ്ങൾക്കായി എടുക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ‘Sehhaty’ (സെഹത്തി) ആപ്ലിക്കേഷൻ വഴി അപ്പോയിന്റ്മെന്റ് എടുത്ത് ഈ വാക്സിനുകൾ സ്വീകരിക്കാവുന്നതാണ്.
പ്രതിരോധ ആരോഗ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ അവബോധം വർദ്ധിപ്പിക്കുന്നതിനുമായി ആരോഗ്യ മേഖലയിലെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് മന്ത്രാലയം തുടർനടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി; ഇത് സമൂഹാംഗങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
