ന്യൂഡൽഹി: തന്നെ അറസ്റ്റ് ചെയ്ത പോലീസുകാർക്ക് ദാഹമകറ്റാൻ കുടിവെള്ളം നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച വൈകീട്ട് നടത്തിയ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോഴായിരുന്നു സംഭവം. നേതാക്കൾക്ക് കുടിക്കാനായി എത്തിച്ച വെള്ളക്കുപ്പികളാണ് രാഹുൽ പോലീസുകാർക്ക് നൽകിയത്.
പോലീസുകാർക്ക് രാഹുൽ ഗാന്ധി കുടിവെള്ളം നൽകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ‘രോഷാകുലരാകാതെ-അൽപ്പം വെള്ളം കുടിക്കൂ. നിങ്ങൾ നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത്’ എന്ന അടിക്കുറിപ്പോടെ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചു.
ചൊവ്വാഴ്ച നടത്തിയ വലിയ പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ബുധനാഴ്ചയും ഡൽഹിയിൽ പ്രതിഷേധം നടന്നത്. ഇന്ത്യാ സഖ്യത്തിലെ എംപിമാർ ഒന്നിച്ചാണ് പ്രതിഷേധത്തിനായി അണിനിരന്നത്. ഉച്ചയോടെ ജന്തർ മന്തറിലേക്ക് കുത്തിയിരിപ്പ് സമരത്തിനായി ഇറങ്ങിയ പ്രതിപക്ഷ എംപിമാരെ വഴിയിൽ തടഞ്ഞതോടെ റോഡ് ‘ജന്തർ മന്തർ’ ആയി മാറി. രാഹുലിനേയും റോഡിൽ കിടന്നടക്കം പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവരെയും ബലപ്രയോഗത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ‘നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഞങ്ങളെ തടയാൻ കഴിയില്ല’ എന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ രാഹുൽ പറഞ്ഞു.
ജന്തർ മന്തറിൽ നിന്ന് 1.2 കിലോമീറ്റർ അകലെയുള്ള സാഗർ രത്ന റെസ്റ്റോറന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എംപിമാർക്കായി ഒരുക്കിയ ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു ജന്തർ മന്തറിലേക്കുള്ള നീക്കം. ഇവിടെനിന്ന് ബസുകളിലായിരുന്നു എംപിമാരുടെ യാത്ര.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
