ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രവി കുമാര്‍ തിവാരി നാല് മാസത്തിനിടെ 22 പ്രതികള്‍ക്കായി വിധിച്ചത് വധശിക്ഷ. കഴിഞ്ഞ നാല് മാസത്തിനിടെ 10 കേസുകളിലായാണ് 22 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.
2022 ലെ വാരണാസി ജ്ഞാനവാപി പള്ളി സമുച്ചയത്തിന്റെ വീഡിയോ സര്‍വേ ഉത്തരവിലൂടെ നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയ അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജിയാണ് രവി കുമാര്‍ തിവാരി. ലക്‌നൗ സ്വദേശിയായ ഇദ്ദേഹം 2009-ല്‍ അസമഗഡില്‍ അഡീഷണല്‍ സിവില്‍ ജഡ്ജിയായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
12 വര്‍ഷം മുന്‍പ് പവന്‍ കുമാറെന്നയാളെ കൊലപ്പെടുത്തിയ കേസില്‍ രാംവീര്‍, രാജീവ്, രാഹുല്‍, ഹരേന്ദ്ര കുമാര്‍ എന്നീ നാല് പ്രതികള്‍ക്ക് കോടതി വധശിക്ഷയും 1.70 ലക്ഷം രൂപ പിഴയും വിധിച്ചു.
1999 ആഗസ്റ്റ് 12ന് മരക്കച്ചവടക്കാരനായ സലീമിനെ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഷാനവാസ് എന്ന പ്രതിക്ക് വധശിക്ഷ വിധിച്ചു.
2011 ജൂലൈ 17ന് ഷാംലി ജില്ലയില്‍ മോഷണശ്രമത്തിനിടയില്‍ രാജ് സിംഗ് എന്ന കര്‍ഷകനെ വെടിവെച്ചുകൊന്ന കേസില്‍ നാല് പേര്‍ക്ക് വധശിക്ഷ വിധിച്ചു.
മുന്‍ ഗ്രാമമുഖ്യനും സഹപ്രവര്‍ത്തകനും പഞ്ചായത്ത് തിരഞ്ഞെടുപ്പ് വൈരാഗ്യത്തെ തുടര്‍ന്ന് 2010-ല്‍ രാജ്ബീര്‍ സിംഗ് എന്നയാളെ വെടിവെച്ചുകൊന്ന കേസില്‍ മുന്‍ ഗ്രാമമുഖ്യനായ പ്രമോദും സഹപ്രവര്‍ത്തകന്‍ സഹദേവും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
ഡ്യൂട്ടിക്കിടെ മാതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഹോം ഗാര്‍ഡ് റാതിറാമിനെ കുത്തിക്കൊന്ന ദീപക് എന്ന പ്രതിക്ക് ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ’ കേസ് എന്ന് കണ്ട് കോടതി വധശിക്ഷ നല്‍കി.
രാജേന്ദ്ര സൈനിയുടെ കൊലപാതകം (ജൂണ്‍ 20), 15 വര്‍ഷം പഴക്കമുള്ള ഇരട്ടക്കൊലപാതക കേസ് (മെയ് 30), 2019 ലെ കൊലപാതക കേസ് (ഏപ്രില്‍ 28), അഭിഭാഷകന്റെ കൊലപാതകം (ഏപ്രില്‍ 6) എന്നിവയിലും കോടതി വധശിക്ഷകള്‍ വിധിച്ചിട്ടുണ്ട്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
