വനിതാ മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്: ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

News Desk
1 Min Read

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് എതിരായ പ്രതിഷേധ പ്രകടനത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണം നേരിടുന്ന ഡൽഹി പൊലീസ് കോണാട്ട് പ്ലേസ് എസിപി വിവേക് ഭഗതിന് അഡീഷണൽ ഡിസിപിയായി സ്ഥാനക്കയറ്റം.

തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഗുരുതരമായ ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയത് വിവാദങ്ങൾക്ക് വഴിവച്ചേക്കാം. തികച്ചും സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും സ്ഥാനക്കയറ്റത്തിനായുള്ള ശുപാർശ വളരെ മുൻപ് സമർപ്പിച്ചിരുന്നതാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. വിവേക് ഭഗതിനൊപ്പം മറ്റ് പതിനൊന്ന് ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച ജന്തർ മന്തറിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. മുതിർന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് പരാതി നൽകിയത്.

മാധ്യമപ്രവർത്തകരുടെ പരാതികൾ വിശദമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഞായറാഴ്ച പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഉന്നതതല അന്വേഷണം തുടരുന്നതിനിടയിലാണ് ആരോപണവിധേയനായ പ്രധാന ഉദ്യോഗസ്ഥന് അടിയന്തരമായി സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!