സ്ത്രീകൾക്കായി ആദ്യ സൈനിക പരിശീലനവുമായി ഇറാൻ; കറുത്ത വസ്ത്രം ധരിച്ച് ആയുധമേന്തി വനിതകൾ

News Desk
1 Min Read

ടെഹ്റാൻ: സ്ത്രീകൾക്ക് സായുധ പരിശീലനം നൽകി ഇറാൻ. റൈഫിളുകൾ കൈകാര്യം ചെയ്യാനും സിപ്പ് ലൈനുകൾ നിയന്ത്രിക്കാനും പ്രഥമശുശ്രൂഷ നൽകാനും സ്ത്രീകളെ ടെഹ്‌റാനിലെ സൈനിക പരിശീലന ക്യാംപിൽ ഇറാൻ പഠിപ്പിക്കുന്നതായിട്ടാണ് റിപ്പോർട്ട്. ഭരണകൂടത്തിന്റെ ജൻ ഫാദ അഥവാ ‘ജീവൻ ബലിയർപ്പിക്കുക’ എന്ന പേരിൽ നടത്തുന്ന ക്യാംപെയ്നിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച ടെഹ്‌റാനിലെ ഇമാം ഹുസൈൻ സ്‌ക്വയറിൽ സ്ത്രീകൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഇത്തരത്തിലുള്ള ആദ്യത്തെ കോഴ്‌സ് നടന്നത്.

മുഖം മാത്രം കാണാൻ സാധിക്കുകയും ശരീരം മുഴുവൻ മറയ്ക്കുകയും ചെയ്യുന്ന നീളമുള്ള കറുത്ത വസ്ത്രം ധരിച്ചാണ് സ്ത്രീകൾ പരിശീലനത്തിൽ ഏർപ്പെട്ടത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാന്റെ ഈ നീക്കം ആഗോള ശ്രദ്ധ നേടി. 

യുഎസ് തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇറാനിലുടനീളം 1,000 വൊളന്റിയർ റെസിസ്റ്റൻസ് ബറ്റാലിയനുകൾ സംഘടിപ്പിക്കുക എന്ന ഭരണകൂടത്തിന്റെ ലക്ഷ്യത്തിനിടയിലാണ് പരിശീലനം നടന്നത്.

സ്ത്രീകൾ സൈനിക വൈദഗ്ധ്യം, പ്രഥമശുശ്രൂഷ, ഗറില്ലാ തന്ത്രങ്ങൾ, അതിജീവന വിദ്യകൾ, കഠിനമായ സാഹചര്യങ്ങൾക്കുള്ള തയാറെടുപ്പ് എന്നിവ നേടുന്നത് ഇനിയും തുടരുന്നതിനാണ് സാധ്യത. ഈ ക്യാംപെയ്നിൽ സ്വമേധയാ പങ്കെടുത്തവരിൽ സ്റ്റേറ്റ് ടിവി അവതാരക മൊബിന നസിരിയും ഉണ്ടായിരുന്നു. ‘ആവശ്യമെങ്കിൽ, താനും എല്ലാ സ്ത്രീകളും യുദ്ധത്തിൽ അണിചേരുമെന്ന്’ മൊബിന പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

ജൻ ഫാദ അഥവാ ‘ജീവൻ ബലിയർപ്പിക്കുക’ എന്ന പേരിൽ നടത്തുന്ന ക്യാംപെയ്ൻ ഒരു തരത്തിലുള്ള ശത്രുതയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് അധികൃതരുടെ അവകാശവാദം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!