അവധിക്ക് നാട്ടിലെത്തിയ ജവാൻ ഭാര്യയെ കൊലപ്പെടുത്തി; വീണു മരിച്ചെന്ന് വരുത്തിത്തീർക്കാൻ ശ്രമം

News Desk
1 Min Read

ചണ്ഡിഗഡ്: പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് ജവാൻ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി.

കൊലപാതകത്തിനു ശേഷം, ഭാര്യ വീടിന്റെ മേൽക്കൂരയിൽ നിന്നും വീണു മരിച്ചതാണെന്ന് വരുത്തിത്തീർക്കാനും ഇയാൾ ശ്രമിച്ചു. രാമ എന്ന മുപ്പത്തിരണ്ടുകാരിയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. പ്രതിയായ ബിഎസ്എഫ് ജവാൻ അമർജിത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പന്ത്രണ്ട് വർഷം മുൻപായിരുന്നു അമർജിത് സിങ്ങിന്റെയും രാമയുടെയും വിവാഹം. ഇവർക്ക് ഒരു മകനും മകളും ഉണ്ട്. രാമയുടെ കുടുംബാംഗങ്ങൾ പൊലീസിൽ നൽകിയ പരാതി പ്രകാരം, ഓഗസ്റ്റ് 13ന് രാത്രിയാണ് അമർജിത് സിങ് അവധിക്ക് നാട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടൻ ഇയാൾ രാമയുമായി തർക്കത്തിലേർപ്പെടുകയും അവരെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തില്‍ ഗുരുതരമായി പരുക്കേറ്റ രാമ അന്നുരാത്രി തന്നെ മരിച്ചു.

എന്നാൽ, ഓഗസ്റ്റ് 14ന് പുലർച്ചെ 4 മണിയോടെ രാമ വീടിന്റെ മേൽക്കൂരയിൽ നിന്നും താഴേക്ക് വീണുവെന്നും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്നും പ്രതിയുടെ കുടുംബം രാമയുടെ വീട്ടുകാരെ അറിയിച്ചു. ഇതുകേട്ട് പരിഭ്രാന്തരായി കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് രാമ മരിച്ച വിവരം അറിയുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിൽ രാമയുടെ ശരീരത്തിൽ പലയിടങ്ങളിലായി മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. ഇതോടെയാണ് നടന്നത് കൊലപാതകമാണെന്ന് മനസ്സിലായത്. വിവാഹസമയം മുതൽ തന്റെ മകൾ ഭർത്താവിൽ നിന്നും കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ നേരിട്ടിരുന്നതായി രാമയുടെ പിതാവ് രാം ചന്ദ് പൊലീസിനോട് പറഞ്ഞു.

രാമയുടെ കുടുംബത്തിന്റെ പരാതിയിൽ അമർജിത് സിങ്, ഇയാളുടെ അമ്മാവൻ കുൽദീപ് കുക്കി, അമ്മായി സോണിയ എന്നിവർക്കെതിരെ പൊലീസ് കൊലപാതകക്കുറ്റത്തിനു കേസെടുത്തു. മറ്റു രണ്ട് പ്രതികൾ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി സ്റ്റേഷൻ ഹൗസ് ഓഫിസർ ഹർപ്രേം സിങ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം രാമയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായും അവരുടെ സ്വന്തം ഗ്രാമത്തിൽ അന്ത്യകർമങ്ങൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article