ഒരേയൊരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപറേഷൻ ഭരണംപിടിച്ച ബിജെപിക്ക് ഓർക്കാപ്പുറത്തേറ്റ വെള്ളിടിയാണ് ആർ. ശ്രീലേഖയുടെ രാജി. 101 അംഗ കോർപറേഷനിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 51 അംഗങ്ങളുടെ പിന്തുണയിലാണ് വി.വി. രാജേഷ് നേതൃത്വം നൽകുന്ന കൗൺസിലിന്റെ ഭരണം.
അതിനിടെയാണ് പാർട്ടിയെ ഞെട്ടിച്ചുകൊണ്ടുള്ള ശ്രീലേഖയുടെ രാജിനീക്കം. തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലം വാർഡിൽനിന്നുള്ള കൗൺസിലറാണ് ശ്രീലേഖ.
2025 തദ്ദേശതിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഏറ്റവും തിളക്കമാർന്ന നേട്ടം, അവർക്ക് തിരുവനന്തപുരം കോർപേറഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞുവെന്നുള്ളതായിരുന്നു. 101 അംഗ കോർപേറഷനിൽ അൻപത് വാർഡിലും വിജയിച്ചു.
എന്നാൽ കേവലഭൂരിപക്ഷത്തിന് ഒരേയൊരു അംഗത്തിന്റെ കുറവ് വന്നു. ഭരണം പിടിക്കാൻ ഒരു സ്വതന്ത്രന്റെ പിന്തുണ വേണ്ടിവന്നു. തുടർന്ന് കണ്ണമ്മൂല വാർഡിൽനിന്ന് ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ എൻഡിഎ ഭരണസമിതിയെ പിന്തുണയ്ക്കാൻ തയ്യാറായതോടെ ഭരണം താമരക്കുമ്പിളിലായി.
തിരുവനന്തപുരം കോർപറേഷൻ കക്ഷിനില ഇങ്ങനെ
എൻഡിഎ- 51 (ഒരു സ്വതന്ത്രന്റെ പിന്തുണയോടെ)
എൽഡിഎഫ്-29
യുഡിഎഫ്-20
മറ്റുള്ളവർ-1
അധികാരത്തിലെത്തിയെങ്കിലും അത്ര സുഗമമായ ഭരണനിർവഹണ കാലയളവ് ആയിരുന്നില്ല ബിജെപിയെ കാത്തിരുന്നത്. വാഴോട്ടുകോണം വാർഡിനെ പ്രതിനിധീകരിക്കുന്ന ആർ. സുഗതൻ കാപ്പാ കേസിൽ നിലവിൽ ജയിലിലാണ്. സുഗതന്റെ അറസ്റ്റ്, അദ്ദേഹത്തിനുമേൽ ചുമത്തപ്പെട്ട വകുപ്പിന്റെ സ്വഭാവം തുടങ്ങിയവയൊക്കെ വലിയവിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. തുടർച്ചയായി മൂന്നുമാസം ഹാജരാകാതിരിക്കുന്നപക്ഷം നേരിടേണ്ടിവരുന്ന അയോഗ്യതയെ മറികടക്കാൻ ആറുമാസത്തെ അവധിയിലാണ് നിലവിൽ സുഗതൻ.
പിന്നാലെയാണിപ്പോൾ ശ്രീലേഖയുടെ രാജി. രാജിക്കത്ത് സമർപ്പിക്കപ്പെട്ടത് സമ്മർദതന്ത്രത്തിന്റെ ഭാഗമല്ലെങ്കിൽ, ബിജെപി വിയർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബിജെപി അംഗസംഖ്യ 49 ആയും എൻഡിഎ ഭരണസമിതിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം അൻപതായും ചുരുങ്ങും. ആറുമാസത്തിനകം ശാസ്തമംഗലം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയും അവിടെ ബിജെപി സ്ഥാനാർഥി തന്നെ ജയിക്കുകയും ചെയ്താൽമാത്രമേ ഭരണം കൈപ്പിടിയിൽ നിൽക്കുകയുള്ളൂ. അത് എത്രമാത്രം എളുപ്പമാണെന്ന് കണ്ടറിയണം.
കൈകോർക്കുമോ എൽഡിഎഫും യുഡിഎഫും
തിരുവനന്തപുരം കോർപറേഷനിലെ തദ്ദേശതിരഞ്ഞെടുപ്പുഫലം വന്നതിന് പിന്നാലെ ഉയർന്ന ചോദ്യമായിരുന്നു, ബിജെപിയെ പുറത്തിരുത്തി ഭരണംപിടിക്കാൻ എൽഡിഎഫും യുഡിഎഫും കൈകോർക്കുമോയെന്ന്. എന്നാൽ അത്തരമൊരു സഖ്യത്തിന്റെ സാധ്യത ഇരുപക്ഷത്തെയും നേതാക്കൾ തള്ളിക്കളഞ്ഞതോടെ അവർ പ്രതിപക്ഷബെഞ്ചിലാവുകയും ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപേറഷന്റെ ഭരണം ബിജെപിക്ക് ലഭിക്കുകയും ചെയ്തു.
ശ്രീലേഖയുടെ രാജി അംഗീകരിക്കപ്പെട്ടാൽ തിരുവനന്തപുരത്ത് കാര്യങ്ങൾ എന്താകും?. 29 അംഗങ്ങളുള്ള എൽഡിഎഫും ഇരുപത് അംഗങ്ങളുള്ള യുഡിഎഫും ഒരുമിക്കാനും ഭരണംപിടിക്കാനും ഇനി മുതിരുമോ അതിന് സാധ്യതയുണ്ടോയെന്നും ചർച്ചകളുയരുന്നുണ്ട്.
വരുമോ ഇനിയും അവിശ്വാസ പ്രമേയം
ഇക്കഴിഞ്ഞ ജൂൺമാസത്തിൽ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് പദ്ധതിയിട്ടിരുന്നു. പ്രമേയത്തിന് കോർപറേഷൻ കൗൺസിൽ അംഗങ്ങളിൽ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണവേണം. എന്നാൽ യുഡിഎഫിനുള്ളത് 20 അംഗങ്ങൾ മാത്രമാണ്. എൽഡിഎഫിന്റെകൂടി പിന്തുണ ലഭിച്ചാൽ മാത്രമേ മതിയായ പിന്തുണ പ്രമേയത്തിന് ലഭിക്കുമായിരുന്നുള്ളൂ. എന്നാൽ പ്രമേയത്തെ പിന്തുണയ്ക്കാൻ എൽഡിഎഫ് ഒരുക്കമായിരുന്നില്ല. പിന്നാലെ യുഡിഎഫ് പ്രമേയനീക്കം പിൻവലിച്ചു.
അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള ചുരുങ്ങിയ സമയപരിധി ആറുമാസമാണെന്നിരിക്കേ, ശ്രീലേഖയുടെ രാജിയിലൂടെ ന്യൂനപക്ഷമാകുന്ന എൻഡിഎ ഭരണസമിതിക്കെതിരേ അവിശ്വാസപ്രമേയം വരുമോ എന്നതും കാത്തിരുന്ന് കാണേണ്ടിവരും. ഇനി അങ്ങനെയെങ്കിൽ ഏത് മുന്നണി ആ പ്രമേയം കൊണ്ടുവരും അതിന് പിന്നിലെ രാഷ്ട്രീയസമവാക്യം എങ്ങനെയുള്ളതായിരിക്കുമെന്നും കണ്ടറിയണം.
മേയർസ്ഥാനമോ കിട്ടിയില്ല, ദേശീയതലത്തിലും അവഗണന?
ജയിക്കുന്നപക്ഷം മേയർസ്ഥാനം ലഭിക്കുമെന്നായിരുന്നു കളത്തിലിറങ്ങിയവേളയിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥകൂടിയായ ശ്രീലേഖയുടെ വിലയിരുത്തൽ. എന്നാൽ നൂലിഴവ്യത്യാസത്തിൽ വിജയം ഒപ്പംചേർന്നപ്പോൾ ബിജെപി, മേയർസ്ഥാനത്തേക്ക് പരിഗണിച്ചത് വി.വി. രാജേഷിനെ ആയിരുന്നു. ഇതിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു ശ്രീലേഖയ്ക്ക്. അത് അവർ ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് ദേശീയതലത്തിൽ അർഹമായ പരിഗണന നൽകാമെന്ന വാഗ്ദാനം ശ്രീലേഖയ്ക്ക് ലഭിച്ചിരുന്നെന്നാണ് വിവരം. ദേശീയ വനിതാ കമ്മിഷൻ അംഗത്വമായിരുന്നു ഇതെന്നാണ് സൂചന. എന്നാൽ ഇതും ലഭിക്കാതെ വന്നതോടെ ശ്രീലേഖ രാജിയിലേക്ക് നീങ്ങുകയായിരുന്നു.
2016-ൽ ഗുരുവായൂർ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ നിവേദിത സുബ്രഹ്‌മണ്യനെ ഇക്കഴിഞ്ഞ ദിവസമാണ് ദേശീയ വനിതാ കമ്മിഷൻ അംഗമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തെത്തിയത്. ഇതും ഈ അവസരത്തിൽ കൂട്ടിവായിക്കാവുന്നതാണ്.
രാജിക്കത്ത് കൈമാറൽ സമ്മർദതന്ത്രമോ
സെപ്റ്റംബർ മുപ്പതാംതീയതി, ശ്രീലേഖ രാജിക്കത്ത് മേയർ വി.വി. രാജേഷിന് കൈമാറിയെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് പറഞ്ഞിട്ടുള്ളത്. കൗൺസിലർസ്ഥാനം രാജിവെക്കുകയാണെങ്കിൽ രാജിക്കത്ത് കൈമാറേണ്ടത് കോർപറേഷൻ സെക്രട്ടറിക്കാണെന്നിരിക്കേ, മേയർക്ക് കത്ത് കൈമാറിയത് ശ്രീലേഖയുടെ സമ്മർദതന്ത്രമാണെന്ന് വിലയിരുത്തന്നവരുമുണ്ട്. രാഷ്ട്രീയത്തിൽ താരതമ്യേന പുതുമുഖമെങ്കിലും ഭരണതലത്തിൽ പരിചയമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക്, ജനപ്രതിനിധിസ്ഥാനം രാജിവെക്കേണ്ട രീതി അറിയില്ലെന്ന് കരുതാനാവില്ലല്ലോ.
ശ്രീലേഖയുടെ രാഷ്ട്രീയവിവാദങ്ങൾ
2024 ഒക്ടോബർ മാസത്തിൽ ബിജെപിയിലെത്തിയ ശ്രീലേഖ, ഇതാദ്യമായല്ല വിവാദങ്ങൾക്ക് പാത്രമാകുന്നത്. തിരുവനന്തപുരം കോർപേറഷനിൽ എൻഡിഎ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, തലസ്ഥാനം സന്ദർശിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിമാസം രണ്ടാംതീയതിയായിരുന്നു അത്. അന്ന് പ്രധാനമന്ത്രിയുടെ വേദിയിൽ ശ്രീലേഖയുമുണ്ടായിരുന്നെങ്കിലും മറ്റ് നേതാക്കൾക്ക് സമാനമായി അദ്ദേഹത്തെ അഭിവാദ്യംചെയ്യാനോ അടുത്തേക്ക് പോകാനോ ശ്രീലേഖ മുതിർന്നില്ല. മാത്രമല്ല, നേരത്തെ പരിപാടിയിൽനിന്ന് മടങ്ങുകയും ചെയ്തു. മേയർസ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തിയായിരുന്നു ശ്രീലേഖ പ്രകടിപ്പിച്ചതെന്ന് വ്യഖ്യാനം ഉയർന്നെങ്കിലും അവർ അത് തള്ളിക്കളഞ്ഞു. പ്രോട്ടോക്കോൾ പാലിച്ച് മാറനിന്നതാണെന്നായിരുന്നു അവരുടെ പ്രതികരണം.
ബിജെപി കൗൺസിലർമാരുടെ ഡൽഹിയാത്രയിൽനിന്ന് വിട്ടുനിന്നതായിരുന്നു മറ്റൊരു വിവാദം. ഈ പ്രായത്തിൽ ദീർഘദൂര ട്രെയിൻ യാത്ര പ്രയാസമാണെന്നും അതിനാലാണ് വിട്ടുനിന്നതെന്നും വിമാനടിക്കറ്റ് എടുത്തുതരാൻ വാഗ്ദാനമുണ്ടായെങ്കിലും അത് താൻ നിരസിച്ചെന്നുമായിരുന്നു സംഗതി വിവാദമായതിന് പിന്നാലെ ശ്രീലേഖയുടെ പ്രതികരണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
