റിയാദ്: കഴിഞ്ഞ മൂന്ന് മാസക്കാലം റിയാദിലെ റിയാദ് കിംഗ് സഊദ് മെഡിക്കൽ സിറ്റിയിൽ (ശുമൈസി) ചികിത്സയിലായിരുന്ന മലപ്പുറം കൊണ്ടോട്ടി, കാണ്ടക്കാട് വട്ടപ്പറമ്പ് ഹൗസിൽ അയ്യപ്പൻ ചൂണ്ടക്കാടൻ (59) നിര്യാതനായി. കഴിഞ്ഞ മേയ് പന്ത്രണ്ടിനാണ് കടുത്ത നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിന്റെയും അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ രോഗത്തോടു പൊരുതിവരികയായിരുന്ന അദ്ദേഹം പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തിയാണ് യാത്രയായത്.
കഴിഞ്ഞ ഒരുമാസം മുമ്പ് അയ്യപ്പന്റെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടും വഷളായതിനെ തുടർന്ന് ഡോക്ടർമാർ അനുമതി നിഷേധിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽക്കേ ചികിത്സയുടെ കൃത്യമായ വിവരങ്ങളും മറ്റും നാട്ടിലെ കുടുംബത്തെ നിരന്തരം അറിയിക്കുന്നതിനും ആവശ്യമായ മറ്റ് സഹായങ്ങൾ നൽകുന്നതിനും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.
ഇരുപത്തിയെട്ട് വർഷമായി പ്രവാസിയായ ഇദ്ദേഹം ഒന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. മാതാപിതാക്കൾ : ചാത്തൻ (പരേതൻ) കുഞ്ഞി. ഭാര്യ: സുജാത. മക്കൾ: സ്നേഹ, മേഘ, അക്ഷയ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, പിഎം ബഷീർ സിയാം കണ്ടം, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലമ്പ്ര, ജുനൈദ് താനൂർ, ഷറഫു തേഞ്ഞിപ്പലം, സുഹൃത്ത് നബീൽ എന്നിവർ രംഗത്തുണ്ട്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
