സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം

News Desk
1 Min Read

ലക്നൗ: ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലുള്ള ഹസ്‌നൈൻ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂര തകർന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ‌ രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു. സ്വാതന്ത്ര്യദിന പരിപാടികൾ നടന്നുകൊണ്ടിരിക്കെ മേൽക്കൂര പെട്ടെന്ന് തകർന്നു വീണതോടെ കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു.

സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയ ഒരു കുട്ടിയാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി സംഭവസ്ഥലത്തു തന്നെ മരിച്ചത്. പരുക്കേറ്റ മറ്റ് രണ്ട് വിദ്യാർഥികളെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റ്, സൂപ്രണ്ട് ഓഫ് പൊലീസ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, സർക്കിൾ ഓഫിസർ, തഹസിൽദാർ എന്നിവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും സംഭവസ്ഥലത്തേക്ക് എത്തി.

പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് അവശിഷ്ടങ്ങൾ മാറ്റാനുള്ള അടിയന്തര രക്ഷാപ്രവർത്തനം നടന്നത്. അപകടസമയത്ത് സ്കൂൾ പരിസരത്തും സമീപത്തെ റോഡിലും ആളുകളുടെയും വാഹനങ്ങളുടെയും വലിയ തിരക്കുണ്ടായിരുന്നതായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കെട്ടിടത്തിന്റെ നിർമാണത്തിലുണ്ടായ വീഴ്ചയാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article