പട്ന: അന്യസ്ത്രീയുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്നു ദിവസം മുൻപ് പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാറിലെ സഹർസ ജില്ലയിലെ സഹർ ബസാർ പൊലീസ് സ്റ്റേഷനിലാണു സംഭവം. സ്റ്റേഷനിലെ ശുചിമുറിയിലാണ് അൻമോൽ കുമാർ എന്നയാളെ മരിച്ചനിലയിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. സംഭവത്തിൽ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ യുവാവ് ശുചിമുറിയിലേക്ക് പോകുന്ന ദൃശ്യമുണ്ട്.
മൂന്ന് ദിവസം മുൻപാണ് അൻമോൽ കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് ഭാര്യ പറഞ്ഞു. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന പരാതിയിലായിരുന്നു പൊലീസ് നടപടി. സ്ത്രീയുടെ കുടുംബമാണ് പരാതി നൽകിയതെന്നും അൻമോൽ കുമാറിന്റെ ഭാര്യ ലീന ദേവി പറഞ്ഞു. അതേസമയം, മകനെ മോചിപ്പിക്കാൻ പൊലീസ് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി യുവാവിന്റെ അമ്മ ആരോപിച്ചു.
പലതവണ സ്റ്റേഷനിൽ എത്തിയിട്ടും മകനെ കാണാൻ അനുവദിച്ചില്ലെന്നും അമ്മ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
