പ്രതിസന്ധിയില്‍ സ്‌പൈസ് ജെറ്റ്; സര്‍വീസ് നടത്തുന്നത് ആറ് വിമാനങ്ങള്‍ മാത്രം

News Desk
1 Min Read

ഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ്. നിലവില്‍ ആറ് വിമാനങ്ങള്‍ മാത്രമാണ് കമ്പനി സര്‍വീസ് നടത്തുന്നത്. പ്രതിദിനം 20ലേറെ സര്‍വീസുകളാണ് ഈ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്നത്. ഡല്‍ഹി-മുംബൈ, ഡല്‍ഹി-ശ്രീനഗര്‍, ഡല്‍ഹി-ധരംശാല, പട്‌ന, ദര്‍ഭംഗ തുടങ്ങിയ റൂട്ടുകളിലാണ് പ്രധാനമായും സര്‍വീസുകളുള്ളത്.

നവംബര്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം സ്‌പൈസ് ജെറ്റിനെതിരെ 8,671 പരാതികളാണ് വ്യോമയാന മന്ത്രാലയത്തിന്റെ എയര്‍സേവ പോര്‍ട്ടലില്‍ ലഭിച്ചത്. സര്‍വീസുകള്‍ തടസ്സപ്പെടുന്നതും സാമ്പത്തിക ബാധ്യതകളും സംബന്ധിച്ച് വിശദീകരണം തേടി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.

പ്രതിസന്ധിയില്‍ നിന്ന് കരകയറാനും പ്രവര്‍ത്തനം നിലനിര്‍ത്താനുമായി 5,500 കോടി രൂപ വരെ സമാഹരിക്കാനുള്ള അടിയന്തര പദ്ധതിക്ക് സ്‌പൈസ് ജെറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

രേഖകള്‍ പ്രകാരം കമ്പനിക്ക് 60ഓളം വിമാനങ്ങളുണ്ടെങ്കിലും വളരെ കുറച്ചെണ്ണം മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. വിമാനങ്ങളുടെ വാടക കുടിശ്ശിക, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതക്കുറവ്, അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് തുടങ്ങിയവയാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. സാമ്പത്തിക ബാധ്യതകള്‍ താങ്ങാനാകാത്ത സാഹചര്യത്തില്‍ ശേഷിക്കുന്ന വിമാനങ്ങളുടെ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!