റിയാദ്: സഊദി അറേബ്യയില്‍ നിന്നും പ്രമുഖ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ് നാട്ടിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ സഊദിയിലെ തമിഴ് പ്രവാസികള്‍ വലിയ യാത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നു. പണ്ട് സഊദി എയര്‍ലൈന്‍സ് ചെന്നൈ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ഈ സര്‍വീസ് ഇല്ല. നിലവിലെ സാഹചര്യത്തില്‍ റിയാദ് – ചെന്നൈ സഊദി എയര്‍ലൈന്‍സ് സര്‍വീസ് ഉടനെ പുനരാരംഭിക്കണമെന്ന് തമിഴ് പ്രവാസികള്‍ ആവശ്യപ്പെടുന്നു.
റിയാദ്, ജിദ്ദ, ദമ്മാം എന്നീ വിമാനത്താവളങ്ങളില്‍ നിന്നും ഇന്‍ഡ്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് ഉണ്ട്. എന്നാല്‍, തമിഴ്നാട്ടിലെ ക്ക് ഇന്ത്യൻ വിമാനക്കമ്പനികളോ സഊദി വിമാനക്കമ്പനികളോ സര്‍വീസ് നടത്തുന്നില്ല എന്ന് തമിഴ് പ്രവാസികള്‍ സങ്കടപ്പെടുന്നു.
ചെന്നൈ, കോയമ്പത്തൂര്‍, ട്രിച്ചി, മധുര എന്നിങ്ങനെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ തമിഴ്നാട്ടില്‍ ഉണ്ട്. നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍
സഊദിയിലെ തമിഴ് പ്രവാസികള്‍ ഏതെങ്കിലും ഗൾഫ് നഗരങ്ങള്‍ വഴിയോ ശ്രീലങ്ക വഴിയോ ആണ് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. തലസ്ഥാനമായ ചെന്നൈയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചാല്‍ അത് അയല്‍ സംസ്ഥാനങ്ങളായ ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും സൗകര്യപ്രദമാകും. കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിയാല്‍ മലയാളികള്‍ക്കും സൗകര്യമാവും.
സഊദി അറേബ്യയിലെ പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സഊദിയിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കി യിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സഊദി കമ്പനികളായ സഊദി എയര്‍ലൈന്‍സ്, ഫ്ലൈ നാസ്, ഫ്ലൈ അദീല്‍ എന്നിവ തമിഴ് നാട്ടിലേക്ക് സര്‍വീസ് ആരംഭിക്കണമെന്നാണ് തമിഴ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്. ഇതിനായി തമിഴ്നാട് സര്‍ക്കാരും ഇന്ത്യന്‍ എംബസിയും ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
