“എത്രകാലം ഫുട്‌ബോളില്‍ തുടരാനാകുമെന്ന് അറിയില്ല”; വിരമിക്കല്‍ സൂചന നല്‍കി മെസ്സി

News Desk
1 Min Read

ബ്യൂണസ് ഐറിസ്: വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസ്സി. എത്രകാലം ഫുട്‌ബോളില്‍ തുടരാനാകുമെന്ന് അറിയില്ലെന്ന് പ്രതികരണം. പിതാവിനെ കുറിച്ചുള്ള വൈകാരിക കുറിപ്പിലാണ് സൂചന.

പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മെസ്സിയുടെ കുറിപ്പ്. നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. അതെനിക്ക് ഉള്‍ക്കൊള്ളനാകുന്നില്ല. ഉള്‍ക്കൊള്ളണമെന്ന ആഗ്രഹവുമില്ല. ഇനി ഒരിക്കലും തമ്മില്‍ കാണില്ലെന്നും, സംസാരിക്കില്ലെന്നും ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല – മെസ്സി കുറിപ്പില്‍ വൈകാരികമായി പറയുന്നു.

ഫൈനലില്‍ വിജയിച്ച് പിതാവിന് ലോകകപ്പ് സമ്മാനിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും, എന്നാല്‍ ശാരീരികമായി തളര്‍ന്നുപോയതിനാല്‍ അതിന് സാധിച്ചില്ലെന്നും മെസ്സിപറയുന്നു. കഴിഞ്ഞ ലോകകപ്പില്‍ കളിക്കാന്‍ നിങ്ങള്‍ നിരന്തരം എന്നോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നിങ്ങളുടെ ആരോഗ്യനില വല്ലാതെ വഷളായത്. നിങ്ങള്‍ ഇല്ലായിരുന്ന ആദ്യത്തെ ടൂര്‍ണമെന്റ്. നിങ്ങള്‍ സുഖം പ്രാപിക്കുമെന്നും യാത്ര ചെയ്യാന്‍ പാകത്തിന് ആരോഗ്യം വീണ്ടെടുക്കുമെന്നും അമ്മ എന്നോട് പറഞ്ഞിരുന്നു.

നമ്മള്‍ ഫൈനലിലെത്തുമെന്ന് ഞാനും നിങ്ങളോട് പറഞ്ഞിരുന്നു. ഓരോ തവണയും മത്സരം പൂര്‍ത്തിയാക്കുമ്പോള്‍, ഞാന്‍ നിങ്ങളുടെ സന്ദേശത്തിനായി കാത്തിരിരുന്നു. എന്നാല്‍ അതുണ്ടായില്ല. അപ്പോഴാണ് സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് എനിക്ക് മനസിലായത്. ഞങ്ങള്‍ ഫൈനലില്‍ എത്തി. പക്ഷേ നിങ്ങള്‍ അവിടെയുണ്ടായില്ല. നിങ്ങള്‍ക്കായി ഒരിക്കല്‍ കൂടി ലോകകപ്പ് നേടണമെന്ന് ആഗ്രഹിച്ചിരുന്നു. എനിക്കതിന് കഴിഞ്ഞില്ല. എന്റെ ശരീരവും കാലുകളും തളര്‍ന്നുപോയിരുന്നു, ടൂര്‍ണമെന്റിലുടനീളം എനിക്ക് സുഖം തോന്നിയിരുന്നില്ല – മെസി കുറിച്ചു.

നിങ്ങളില്ലാതെ ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് എനിക്കറിയില്ല. ഫുട്‌ബോള്‍ കളിക്കുക എന്നത് മാത്രമായിരുന്നു ഞാന്‍ ഇതുവരെ ചെയ്തിരുന്നത്. ഇനി എത്ര കാലം കൂടി അത് തുടരാനാകുമെന്ന കാര്യത്തില്‍ വലിയ സംശയമുണ്ട്. തുടക്കം മുതല്‍ക്കേ നിങ്ങള്‍ എന്റെ കൂടെയുണ്ടായിരുന്നു. അവസാനമെത്താന്‍ ഇനി വളരെ കുറച്ചു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ലക്ഷ്യത്തോട് അടുത്തെത്തിയപ്പോള്‍ കുറച്ചുകൂടി കാത്തുനില്‍ക്കാമായിരുന്നു – മെസ്സി പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article