കപ്പൽപ്പാതകൾ ഏതാണ്ട് ‘റിസ്ക്’ നിറഞ്ഞതായതോടെ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടിക്കണമെന്ന ആശയം മുന്നോട്ടുവച്ച് റഷ്യൻ ഉപ പ്രധാനമന്ത്രി മററ്റ് ഖൂസ്നൂലീൻ. ഇന്ത്യൻ സമുദ്രത്തിലേക്ക് എളുപ്പത്തിൽ റഷ്യൻ കയറ്റുമതിക്കാർക്ക് എത്താനാകുന്ന പാത എന്ന ആശയമാണ് ഖൂസ്നൂലീൻ ഉയർത്തുന്നത്.
ഹോർമുസിലും ചെങ്കടലിനും പുറമേ കരിങ്കടലും സംഘർഷ നിഴലിലായത് കപ്പലുകളുടെ സഞ്ചാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കരിങ്കടലിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം റഷ്യൻ എണ്ണക്കപ്പലുകളുടെ യാത്രയ്ക്ക് തടസ്സമാണ്. ഇതു റഷ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ് ‘പുതുവഴി’ എന്ന ആശയവുമായി ഖൂസ്നൂലീൻ രംഗത്തുവന്നത്.
നിലവിൽ ഇറാനിലേക്ക് റഷ്യയ്ക്ക് റെയിൽപ്പാതയുണ്ട്. ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന രാജ്യാന്തര നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് ഇടനാഴിയാണിത് (ഐഎൻഎസ്ടിസി). എന്നാൽ യുഎസിന്റെ ഉപരോധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഇറാന്റെ തുറമുഖങ്ങളുടെ പ്രവർത്തനത്തെയും താറുമാറാക്കി. ഇറാനും ഇപ്പോൾ സ്വന്തം കയറ്റുമതി-ഇറക്കുമതി ആവശ്യങ്ങൾക്ക് പാക്കിസ്ഥാനി തുറമുഖങ്ങളെ ആശ്രയിക്കാനുള്ള നീക്കത്തിലാണ്.
റഷ്യയിൽ നിന്ന് 4 രാജ്യങ്ങൾ കടന്ന് ഇന്ത്യയിലേക്ക് എത്താവുന്ന റെയിൽ പദ്ധതിയാണ് ഖൂസ്നൂലീൻ മുന്നോട്ടുവയ്ക്കുന്നത്. റിസ്ക് കുറവാണെന്നത് മാത്രമല്ല, സാമ്പത്തികച്ചെലവും ഇതുവഴി ലഘൂകരിക്കാമെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഖൂസ്നൂലീൻ പറഞ്ഞു. റഷ്യയിൽ നിന്ന് തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തുക എന്ന പദ്ധതിയാണ് അദ്ദേഹം പറഞ്ഞത്.
റഷ്യയിൽ നിന്ന് നിലവിൽതന്നെ ഇറാനിലേക്ക് റെയിൽപ്പാതയുണ്ട്. ഇത് ഇന്ത്യയിലേക്കും നീട്ടുന്നതായിരിക്കും റഷ്യ ആലോചിക്കുക. ആശയം യാഥാർഥ്യമായാൽ പാത കടന്നുപോകുന്ന എല്ലാ രാജ്യങ്ങൾക്കും അത് നേട്ടമാകും. തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ കരബന്ധിത രാജ്യങ്ങൾക്കാണ് കൂടുതൽ നേട്ടം. എന്നാൽ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ നയതന്ത്രബന്ധം ഇപ്പോഴില്ലാത്തതിനാൽ പാത പ്രായോഗികമാവുക എളുപ്പമല്ല. അഫ്ഗാനും പാക്കിസ്ഥാനും തമ്മിലെ ബന്ധവും വഷളായിട്ടുണ്ട്. ഖൂസ്നൂലീന്റെ ആശയത്തോട് ഇന്ത്യയുൾപ്പെടെ പ്രതികരിച്ചിട്ടില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
