ഭോപ്പാല്‍: ക്ലാസില്‍ മദ്യപിച്ച് എത്തുകയും ലഹരി ഉപയോഗിക്കുകയും ക്ലാസ് പരിസരത്ത് മലമൂത്ര വിര്‍സജനം നടത്തുകയും ചെയ്യുന്ന പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകൻ പിടിയില്‍. മധ്യപ്രദേശിലെ മൈഹര്‍ ജില്ലയിലുള്ള പ്രൈമറി സകൂൾ പ്രധാനാധ്യാപകനാണ് പിടിയിലായത്. മലമൂത്ര വിസർജനം നടത്തിയ ശേഷം വിദ്യാർത്ഥികളെ കൊണ്ടായിരുന്നു ഇയാൾ സ്ഥലം ശുചിയാക്കിയിരുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
പ്രധാനാധ്യാപകന്‍ സ്ഥിരമായി മദ്യലഹരിയിലായിരുന്നു സ്‌കൂളില്‍ എത്തിയിരുന്നത്. സ്‌കൂൾ പരിസരത്ത് മലമൂത്ര വിസര്‍ജനം നടത്തുകയും അത് കുട്ടികളെക്കൊണ്ട് തന്നെ വൃത്തിയാക്കിക്കുകയും ചെയ്യുന്നുവെന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്‌കൂളില്‍ ഉടനീളം ഗുട്ക ചവച്ച് തുപ്പിയ നിലയിലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സ്‌കൂള്‍ ചുമരുകളിലും പരിസരങ്ങളിലും കറകള്‍ വ്യക്തമായി കാണാന്‍ സാധിക്കും. ഇയാൾ പലപ്പോഴും ഉച്ചയോടടുത്തായിരുന്നു സ്കൂളിൽ എത്തിയിരുന്നത്. ഇതേ തുടർന്ന് കുട്ടികൾ സ്കൂളിൽ അലഞ്ഞ് തിരിഞ്ഞുനടക്കുന്നതായി രക്ഷിതാക്കൾ ആരോപിച്ചിരുന്നു. സ്‌കൂളില്‍ കൃത്യസമയത്ത് ഉച്ചഭക്ഷണം നല്‍കുന്നില്ലെന്നും കുട്ടികള്‍ക്ക് ശരിയായ പഠനം ലഭിക്കുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞിരുന്നു.
സ്‌കൂളില്‍ ടാബ്‌ലെറ്റില്‍ യൂട്യൂബ് വീഡിയോകള്‍ കാണുന്ന നിലയിലായിരുന്നു മാധ്യമങ്ങള്‍ പ്രധാനാധ്യാപകനെ കണ്ടെത്തിയത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസര്‍ രാജേഷ് ദ്വിവേദി പ്രതികരിച്ചു. കുറ്റക്കാരനായ അധ്യാപകന് ക്ലസ്റ്റര്‍ പ്രിന്‍സിപ്പല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ക്കായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ശുപാര്‍ശ നൽകിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
