സഊദി മരുഭൂമിയിൽ ഇന്ത്യൻ ഡ്രൈവർ പാമ്പ് കടിയേറ്റ് മരണപ്പെട്ടു

malayalampress
1 Min Read

ദമാം: സഊദി മരുഭൂമിയിൽ പഞ്ചാബ് സ്വദേശിയായ ഡ്രൈവർ പാമ്പ് കടിയേറ്റ് മരണപ്പെട്ടു. സഊദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയുള്ള മരുഭൂമിയിൽ വെച്ച് പാമ്പ്‌ കടിയേറ്റ് മരണപ്പെട്ട പഞ്ചാബ് സ്വദേശിയായ ഗർവിന്ദർ സിംഗ് (26) ന്റെ മൃതദേഹം സഊദിയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലെത്തിച്ച് സ്വദേശത്ത് സംസ്കരിച്ചു.

ഷിപ്പിംഗ് കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗർവിന്ദർ സിംഗ് ട്രക്കുമായി യാത്ര തിരിച്ചതിന് ശേഷം രണ്ട് ദിവസത്തോളം യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് വാഹനത്തിന്റെ ജിപിഎസ് പരിശോധിച്ചാണ് ട്രക്ക് കണ്ടെത്തിയത്. എന്നാൽ ഗർവിന്ദർ സിംഗിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഗർവിന്ദർ സിംഗ്

തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ ട്രക്ക് കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള മരുഭൂമിയിൽ ഗർവിന്ദർ സിംഗിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ട്രക്കിൽ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ, പേഴ്സ്, മറ്റ് വ്യക്തിഗത വസ്തുക്കൾ എന്നിവ ഉണ്ടായിരുന്നതായും ആവശ്യത്തിന് ഇന്ധനമുണ്ടായിരുന്നുവെന്നും വാഹനത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

പോലീസ് അന്വേഷണം, ഫോറൻസിക് പരിശോധന, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ പാമ്പ് കടിയേറ്റതാണ് മരണകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ മറ്റേതെങ്കിലും ദുരൂഹതയോ കുറ്റകൃത്യത്തിന്റെ സൂചനകളോ ഇല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് പൂർത്തിയാക്കി. തുടർന്ന് അമൃത്സർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. ഗർവിന്ദർ സിംഗിന്റെ മാതാവ് ബാൽവിന്ദർ കൗർ, പിതാവ് ബാൽവിന്ദർ സിംഗ്, ഭാര്യ ഗുർപീത് കൗർ എന്നിവരാണ്.

ഈ സംഭവം ദീർഘദൂര ട്രക്ക് ഡ്രൈവർമാർക്കും മരുഭൂമി മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഒരു മുന്നറിയിപ്പാണ്. മരുഭൂമി പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്ത് പുറത്തേക്കിറങ്ങുന്ന സാഹചര്യങ്ങളിൽ ചുറ്റുപാടുകൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ബന്ധപ്പെട്ടവർ നിർദേശിക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article