റിയാദ്: സഊദി പ്രവാസികൾക്ക് ഏറെ ആശ്വാസമായി കേരളത്തിലേക്ക് മറ്റൊരു നോൺ സ്റ്റോപ്പ് സർവ്വീസ് കൂടി പ്രഖ്യാപിച്ച് സഊദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ നാസ്. കൂടാതെ, ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് സഊദിയയും ബുക്കിംഗ് ആരംഭിച്ചു. അടുത്ത മാസം റിയാദിൽ നിന്ന് തിരുവനന്തപുരതേക്ക് എയർ ഇന്ത്യഎക്സ്പ്രസ്സ് വിമാനവും നേരിട്ടുള്ള സർവ്വീസ് നടത്തുമെന്നാണ് റിപ്പോർട്ട്.
സഊദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ഫ്ലൈനാസ് നോൺ -സ്റ്റോപ്പ് സർവിസുകൾ പ്രഖ്യാപിച്ചത്. സെപ്റ്റംബർ രണ്ട് മുതൽ സർവ്വീസുകൾ ആരംഭിക്കും. നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ റിയാദിൽനിന്നും കൊച്ചിയിലേക്കും തിരിച്ചും വിമാനങ്ങൾ സർവിസ് നടത്തും. സഊദി സമയം അർദ്ധരാത്രി 12:05 ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ ഇന്ത്യൻ സമയം എട്ടു മണിക്ക് കൊച്ചിയിൽ ഇറങ്ങും. കൊച്ചിയിൽ നിന്ന് രാവിലെ 08:50 മടക്ക യാത്ര ആരംഭിക്കുന്ന വിമാനം സഊദി സമയം 11:35 ന് റിയാദിൽ ഇറങ്ങും. ഏകദേശം അഞ്ചര മണിക്കൂർ യാത്ര സമയമാണ് കൊച്ചി – റിയാദ് റൂട്ടിൽ. കൊച്ചിയിലേക്ക് 519 (13280₹) റിയാലും റിയാദിലേക്ക് 1032 (24900₹) റിയാലുമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. പുതിയ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നിലവിൽ ആരംഭിച്ചിട്ടുണ്ട്.
റിയാദിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളി പ്രവാസികൾക്ക് ഈ പുതിയ സർവിസ് വലിയ ആശ്വാസമാകും. മധ്യകേരളത്തിലേക്കും തെക്കൻ ജില്ലകളിലേക്കും യാത്ര ചെയ്യുന്നവർക്ക് പുതിയ സർവിസ് ഏറെ പ്രയോജനകരമാകും. കണക്റ്റിങ് വിമാനങ്ങളിലെ ദൈർഘ്യമേറിയ കാത്തിരിപ്പും യാത്രയിലുണ്ടാകുന്ന പ്രയാസങ്ങളും ഒഴിവാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ നാട്ടിലെത്താൻ ഈ നോൺ-സ്റ്റോപ്പ് സർവിസ് സഹായിക്കും.
കൂടാതെ, എയർ ഇന്ത്യ എക്സ്പ്രസ് ഒക്ടോബർ മുതൽ തിരുവനന്തപുരം–റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള സർവിസുകൾ ആരംഭിക്കുന്നുണ്ട്. ഇതും റിയാദിലെ പ്രവാസികൾക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കും.
ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് സഊദിയയുടെ തന്നെ സഊദി എയർലൈൻസും സർവ്വീസ് ആരംഭിക്കുമെന്നാണ് വിവരം. സഊദിയയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഡിസംബർ മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സഊദിയ എയർബസ് 321 ഉപയോഗിച്ചുള്ള സർവ്വീസ് ആണ് കോഴിക്കോട് – ജിദ്ദ സെക്റ്ററിൽ ഉണ്ടാകുക. ഉംറ തീർതഥാടകർക്കും പ്രവാസികൾക്കും ഏറെ അനുഗ്രഹമാകും സഊദിയയുടെ കരിപ്പൂരിലേക്കുള്ള തിരിച്ചു വരവ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
