ദുബൈ: ദുബൈയിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഡോ. ഇ വിഷ്ണു വര്ധന് റെഡ്ഡിയെ നിയമിച്ചു. സേവനകാലാവധി പൂര്‍ത്തിയാക്കിയ സതീഷ് കുമാര്‍ ശിവന് പകരക്കാരനായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. യു എ ഇ വിദേശകാര്യ മന്ത്രാലയത്തിന് മുന്നില്‍ യോഗ്യതാപത്രങ്ങള്‍ സമര്‍പ്പിക്കുന്നതോടെ അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും.
ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ തലപ്പത്തെത്തുന്ന തെലങ്കാന സംസ്ഥാനത്ത് നിന്നുള്ള ആദ്യത്തെ ഐ എഫ് എസ് ഉദ്യോഗസ്ഥനാണ് ഡോ. റെഡ്ഡി. 2008 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനായ അദ്ദേഹം തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയും ന്യൂഡല്‍ഹി എയിംസ് പൂര്‍വ വിദ്യാര്‍ഥിയുമാണ്.
നേരത്തെ തെലങ്കാന സര്‍ക്കാരില്‍ നിക്ഷേപ പ്രോത്സാഹന വിഭാഗം പ്രത്യേക സെക്രട്ടറിയായും ഹൈദരാബാദില്‍ റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ഐക്യരാഷ്ട്രസഭയിലും പ്രവര്‍ത്തിച്ച വിപുലമായ നയതന്ത്ര പരിചയസമ്പത്തുള്ള വ്യക്തിയാണ്.
സ്ഥാനമേറ്റെടുക്കുന്നതിന് മുന്നോടിയായി മുംബൈയിലെ പ്രമുഖ വ്യാപാര വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിലും പ്രവാസി ക്ഷേമത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ റെഡ്ഡിയുടെ അനുഭവസമ്പത്ത് ഉപകരിക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
