പ്രളയഭീതിയിൽ കേരളം: പമ്പയും പെരിയാറും കരകവിഞ്ഞു; ഡാമുകൾ തുറന്നു

News Desk
2 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധ ജില്ലകളിൽ പ്രളയസമാനമായ സാഹചര്യവും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. പമ്പയും പെരിയാറും കരകവിഞ്ഞൊഴുകുകയാണ്. ഡാമുകൾ പലതും തുറന്നു.

പല ജില്ലകളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും അടക്കം ദുരിതങ്ങൾ നേരിടുന്നു. നിലവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോട്, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് വിവിധ ജില്ലകളിലുള്ള ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്,കുറ്റ്യാടി ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിടാനുള്ള സാധ്യതയുണ്ട്. കാലവർഷക്കെടുതിയിൽ ഇതുവരെ 11 പേരുടെ ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

പമ്പാ നദിയിൽ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ പത്തനംതിട്ട ജില്ലയിലെ റാന്നി, ആറന്മുകള തുടങ്ങിയ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. അപ്പർ കുട്ടനാടിന്റെ ഭാഗമായ കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം, നിരണം, തിരുവല്ല എന്നിവിടങ്ങളിൽ നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ പമ്പയിൽ കൂടുതൽ വെള്ളമെത്താൻ സാധ്യതയുണ്ട്. ദുരന്തനിവാരണ സേനയായ എൻ ഡി ആർ എഫും ഫയർഫോഴ്സും ഡിങ്കി ബോട്ടുകളുമായെത്തി ആറന്മുകള ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ശബരിമല റൂട്ടിൽ ലാഹയിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലും രാത്രി മുഴുവൻ പെയ്ത മഴയിൽ വലിയ തോതിൽ വെള്ളപ്പൊക്കമുണ്ടായി. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നതോടെ കോട്ടയം നഗരം, വട്ടമൂട്, ഐമനം, തിരുവാർപ്പ്, ചെങ്ങളം, കുമരകം, തിരുവഞ്ചൂർ മേഖലകൾ വെള്ളത്തിനടിയിലായി. വീടുകളിൽ കുടുങ്ങിയ വയോധികർ ഉൾപ്പെടെയുള്ളവരെ ഫയർഫോഴ്സ് ബോട്ടുകളിൽ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീകോയിയിലും പാതാമ്പുഴയിലും മുൻ ദിവസങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ തുടർച്ചയായി താഴ്ന്ന പ്രദേശങ്ങളിലേക്ക് വലിയ തോതിൽ വെള്ളം ഒഴുകിയെത്തുകയാണ്.

കാസർഗോഡ് ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ഉപ്പള, അയില, കുമ്പള, ശിറിയ, കാവുകോളി എന്നീ തീരദേശ മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. ഉപ്പള ശാരദ നഗർ കടപ്പുറത്ത് തെങ്ങുകൾ കടപുഴകുകയും ഒരു വീട് പൂർണ്ണമായും തകരുകയും ചെയ്തിട്ടുണ്ട്. മൂന്ന് വീടുകൾ അപകടഭീഷണിയിലാണ്. കാരങ്കോട് പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആറോളം ക്യാമ്പുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.

കോഴിക്കോട് നഗരത്തിലും മലയോര മേഖലകളിലും കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണുണ്ടായത്. ചെലവൂർ എൽ പി സ്കൂളിൽ കാൽഭാഗത്തോളം വെള്ളം കയറി. കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നതോടെ കുറ്റ്യാടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, പൂനൂർപുഴ എന്നിവിടങ്ങളിൽ ജലനിരപ്പിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ജില്ലയിലെ 30 ക്യാമ്പുകളിലായി 826 ആളുകൾ കഴിയുന്നുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ കർണാടക, കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിർദേശമുണ്ട്.

എറണാകുളം ജില്ലയിൽ പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിൽ പൂർണ്ണമായും വെള്ളം കയറി. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കാനും ആവശ്യാനുസരണം ക്യാമ്പുകളിലേക്ക് മാറാനും നിർദേശമുണ്ട്. ആലുവ മണപ്പുറത്തേക്കുള്ള പാലം സുരക്ഷ മുൻനിർത്തി അടച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article