പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ആൺകുട്ടികൾ; അഞ്ച് പ്രതികളും പ്രായപൂർത്തിയാകാത്തവർ

News Desk
1 Min Read

ലക്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിൽ പന്ത്രണ്ടുകാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് ആൺകുട്ടികൾക്കെതിരെ പോലീസ് കേസെടുത്തു.

പതിനഞ്ചിനും പതിനേഴിനും ഇടയിൽ പ്രായമുള്ള അഞ്ച് പ്രതികളെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത അഞ്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും തുടർ നിയമനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുമെന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു.

പ്രതികളും പെൺകുട്ടിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരും പരസ്പരം അറിയുന്നവരുമാണെന്നും പൊലീസ് പറഞ്ഞു. അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതി പ്രകാരം, വെള്ളിയാഴ്ച അഞ്ച് ആൺകുട്ടികളും പ്രദേശത്തെ ഗോതമ്പ് പാടത്തിനു സമീപം കളിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിയും അൽപ്പനേരം ഇവർക്കൊപ്പം ചേർന്നു. പിന്നീട് ആൺകുട്ടികൾ പെൺകുട്ടിയെ സമീപത്തുള്ള കരിമ്പ് തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പ്രദേശത്തേക്ക് ഒരു കർഷകൻ വരുന്നത് കണ്ടതോടെ ആൺകുട്ടികൾ കരിമ്പ് തോട്ടത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മാനസികമായി തകർന്ന നിലയിൽ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയാണ് വിവരം അമ്മയോട് പറഞ്ഞത്. മകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിറ്റേന്ന് തന്നെ പെൺകുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനെ സമീപിച്ച് എഫ്ഐആർ പരാതി നൽകുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article