വാർത്താസമ്മേളനം നടത്തുന്നതിനിടെ പപ്പു യാദവ് എംപിക്കു നേരെ ചെരിപ്പേറ്; പ്രതിയെ കീഴ്പ്പെടുത്തി അണികൾ, കത്തിയും പിടികൂടി

malayalampress
1 Min Read

ന്യൂഡൽഹി: വാർത്താ സമ്മേളനം നടത്തുന്നതിനിടെ ലോക്സഭാ എംപി പപ്പു യാദവിനു നേരെ ചെരിപ്പേറ്. തുടർന്ന് സംഘർഷമുണ്ടായി. ആക്രമിക്കാൻ ശ്രമിച്ചയാളെ പപ്പു യാദവും അണികളും ചേർന്ന് കീഴ്പ്പെടുത്തി. പ്രതിയിൽ നിന്നും ഒരു കത്തിയും പിടിച്ചെടുത്തു. ഇയാളെ പൊലീസിന് കൈമാറി. യുപിയിലെ ബുലന്ദ്ഷഹർ സ്വദേശിയായ സുമിത് എന്നയാളാണ് വാർത്താസമ്മേളനത്തിലേക്ക് അതിക്രമിച്ചു കടന്ന് പപ്പു യാദവിന് നേരെ ചെരിപ്പ് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ബിഹാറിലെ പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് പപ്പു യാദവ്. ആര് ഭീഷണിപ്പെടുത്തിയാലും രാമക്ഷേത്രത്തിലെ കൊള്ളയെ പറ്റി സംസാരിക്കുമെന്ന് പപ്പു യാദവ് പറഞ്ഞിരുന്നു. നേരത്തെ പാർലമെന്‍റ് വളപ്പിൽ സന്യാസി വേഷം കെട്ടി പപ്പു യാദവ് പ്രതിഷേധിച്ചത് വിവാദമായിരുന്നു. വിവിധ ഹിന്ദു സംഘടനകൾ ഇതിനെതിരെ പ്രതിഷേധിച്ചു.

തന്നെ വധിക്കാൻ ലക്ഷ്യമിട്ടാണ് പ്രതി എത്തിയതെന്ന് പപ്പു യാദവ് ആരോപിച്ചു. തനിക്കെതിരെ വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ദിവസേന ചിലർ തനിക്കെതിരെ വധഭീഷണി മുഴക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുൻകൂട്ടി പരാതി നൽകിയിട്ടും ഡൽഹി പൊലീസ് തനിക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും പപ്പു യാദവിന് പരാതിയുണ്ട്. പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വീഡിയോ 👇

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article