റിയാദ്: സഊദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളികൾക്ക് മേൽ വാഹനം പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നിയൂർ ചിനക്കൽ സ്വദേശി എരണിക്കൽ അലവി ഹാജിയുടെ മകൻ നൗഫൽ എന്ന ബാവ (44) ആണ് അബു അരീഷ് കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്. സഊദിയിലെ അബ്ഹക്കും ജീസാനുമിടയിലെ ദർബിലാണ് ദാരുണമായ അപകടം നടന്നത്.
അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സവാദ് ഖമീസ് മുശൈത്തിലെ സഊദി ജർമൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ദർബിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഇവർ രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചുകടക്കവേയാണ് അപകടമുണ്ടായത്. ഈജിപ്ഷ്യൻ പൗരൻ ഓടിച്ച വാഹനം ഇവർക്ക് മേൽ ഇടിച്ചു കയറുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നാമത്തെയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മയ്യിത്ത് ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് നേതൃത്വം നൽകിവരുന്നു. ജിസാൻ കെ.എം.സി.സി ജനറൽ സെക്രട്ടറിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിലെ വെൽഫെയർ വിങ് അംഗവുമായ ഖാലിദ് പട്‌ല, ശമീർ അമ്പലപ്പാറ, സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പുരോഗമിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
