കൊച്ചി: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് നടത്തിയ വ്യാപക പരിശോധനകളിൽ വൻ സ്വർണവേട്ട. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 14 കേസുകളിലായി 11 കോടി രൂപയിലധികം വിലമതിക്കുന്ന 8 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. സംഭവത്തിൽ ആറ് മലയാളികളും മൂന്ന് തമിഴ്നാട് സ്വദേശികളും ഉൾപ്പെടെ 9 പേരെ അറസ്റ്റ് ചെയ്തു.
സ്വർണം പേസ്റ്റ് രൂപത്തിലാക്കിയും, പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചും, ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റുകൾക്കുള്ളിലും കടത്തിക്കൊണ്ടുവരാനുമാണ് കള്ളക്കടത്തുകാർ പ്രധാനമായും ശ്രമിക്കുന്നത്. റവന്യൂ ഇന്റലിജൻസും കേരള പോലീസും കസ്റ്റംസുമായി ചേർന്ന് നടത്തിയ മികച്ച ഏകോപനവും സഹകരണവുമാണ് പല കേസുകളിലും സ്വർണം പിടികൂടാൻ സഹായകരമായതെന്ന് കസ്റ്റംസ് കമ്മീഷണർ അറിയിച്ചു. ഇത്തരം തട്ടിപ്പുകൾ തടയുന്നതിനായി യാത്രക്കാരുടെ പ്രൊഫൈലിംഗും ഇന്റലിജൻസ് നിരീക്ഷണവും കസ്റ്റംസ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സ്വർണക്കള്ളക്കടത്ത് തടയുന്നതിനും കസ്റ്റംസ് പ്രതിജ്ഞാബദ്ധമാണെന്നും, ഈ കള്ളക്കടത്ത് സംഘങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സാമ്പത്തിക സ്രോതസ്സുകളെയും ഏജന്റുമാരെയും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
