മലയാളി യുവാക്കളുടെ ‘ചതിവല’യിൽ ജയിലിൽ, കുഞ്ഞ് ജനിച്ചത് ‘തടവറയിൽ’; ദുബൈയിലെ കുടുസ്സുമുറിയിൽ കണ്ണീരോടെ മലയാളി യുവതി

malayalampress
6 Min Read

മലയാളി യുവാക്കളുടെ ‘ചതിവല’യിൽ ജയിലിൽ, കുഞ്ഞ് ജനിച്ചത് ‘തടവറയിൽ’; ദുബൈയിലെ കുടുസ്സുമുറിയിൽ കണ്ണീരോടെ മലയാളി യുവതി

ദുബൈ: ദുബൈയിലെ മലയാളി ലഹരിമരുന്ന് സംഘത്തിൽപ്പെട്ട് ജീവിതം ദുരിതത്തിലായ മലയാളി യുവതികളുടെ കൂട്ടത്തിൽ കണ്ണീരോടെ ഒരു യുവതി കൂടി. ഏവർകും നടുക്കമുണ്ടാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളുമായാണ് യുവതി ഇവിടെ കണ്ണീർ വാർത്ത് കഴിയുന്നത്. ഗൾഫ് ജീവിതവും കുടുംബ പുരോഗതിയും സ്വപ്നം കണ്ട്, ഒടുവിൽ ആരാലോ ഗർഭിണിയായ യുവതി ജയിൽ ശിക്ഷയ്ക്കിടെ പിറന്ന ഒരു വയസ്സുപോലും തികയാത്ത കൈക്കുഞ്ഞുമായാണ് ദുബായിലെ ഒരു കുടുസ്സുമുറിയിൽ കണ്ണീരോടെ കഴിയുന്നത്.

ലഹരിമരുന്ന് കേസിൽ അകപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിൽ പുറത്തിറങ്ങിയ യുവതിയുടെ ആൺസുഹൃത്ത് ഇപ്പോഴും ജയിലിൽ തന്നെയാണ്. അതേസമയം ഇവരെ ചതിയിലൂടെ പ്രതികാരം ചെയ്ത് ദുരിതക്കയത്തിൽ വീഴ്ത്തിയ രണ്ട് മലയാളി യുവാക്കൾ ഇപ്പോഴും വെളിയിൽ വേട്ട തുടർന്നുകൊണ്ടിരിക്കുന്നു. കേസ് തീർപ്പായാലുടൻ നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യുവതി തന്റെ കദനകഥയാണ് മനോരമ ഓൺലൈൻ റിപ്പോർട്ട്നോ ചെയ്യുന്നത്.

ആ ചതിയുടെ വാർത്ത വായിക്കാം👇.

  • ആയുർവേദത്തിന്റെ മറവിലെ ചതിവല; ബിബിഎക്കാരി പ്രവാസിയായ കഥ

വളരെ ദരിദ്ര കുടുംബാംഗമായ 30 വയസ്സുകാരി കുടുംബത്തിലെ മൂത്ത സന്തതിയായിരുന്നു. പിതാവ് യുവതിയുടെ ചെറുപ്പത്തിലേ കുടുംബത്തെ ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞതോടെ അമ്മയാണ് യുവതിയടക്കം മൂന്ന് മക്കളെ വളരെ കഷ്ടപ്പെട്ട് പോറ്റിവളർത്തിയത്. യുവതിക്ക് താഴെ രണ്ട് ആൺകുട്ടികളാണുള്ളത്. ബിബിഎ രണ്ടാം വർഷ വിദ്യാർഥിയായിരുന്നപ്പോഴാണ് വീട്ടിൽ കഷ്ടപ്പാട് അധികരിച്ചതിനെ തുടർന്ന് കുടുംബത്തിന് തണലാകാൻ വേണ്ടി യുവതി 2024ൽ സന്ദർശക വീസയിൽ യുഎഇയിലെത്തിയത്. ദെയ്റയിൽ ഒരു കൂട്ടുകാരിയോടൊപ്പം താമസിച്ച് ജോലി അന്വേഷിച്ചെങ്കിലും കിട്ടിയില്ല.

വീസയ്ക്കും വിമാന ടിക്കറ്റിനുമായി അരലക്ഷത്തോളം രൂപ ചെലവായി. വീസാ കാലാവധിയായ രണ്ട് മാസം പിന്നിട്ട് നിരാശയോടെ നാട്ടിലേയ്ക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ഇൻസ്റ്റാഗ്രാമിൽ ജോലി ഒഴിവിന്റെ ആ പരസ്യം യുവതിയുടെയും കൂട്ടുകാരിയുടെയും ശ്രദ്ധയിൽപ്പെടുന്നത്. ദുബായിലെ ആയുർവേദിക് മസാജ് സെന്ററിൽ റിസപ്ഷനിസ്റ്റിന്റെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് ബന്ധപ്പെട്ടയുടൻ സ്ഥാപനയുടമകളെന്ന് പറഞ്ഞ് മിഥുൻ, കൊല്ലം സ്വദേശി ആനന്ദ് എന്നീ യുവാക്കളാണ് യുവതിയെ ബന്ധപ്പെടുന്നത്. ഇരുവരും യുവതി താമസിക്കുന്ന സ്ഥലത്തിനടുത്ത് നേരിട്ട് വന്ന് കണ്ട് ജോലി ഉറപ്പിക്കുകയായിരുന്നു. രണ്ട് പേരും വലിയൊരു ചതിക്കളം ഒരുക്കുകയായിരുന്നു എന്ന് പാവം യുവതിക്ക് അന്ന് മനസിലാക്കാൻ കഴിഞ്ഞില്ല.

  • പാസ്‌പോർട്ട് കൈക്കലാക്കി; നരകയാതനയുടെ നാളുകൾ

തുടർന്ന് നാട്ടിലേയ്ക്ക് പോയ യുവതിക്ക് വൈകാതെ എംപ്ലോയ്മെന്റ് വീസ അയച്ചുകൊടുത്തു. 2024 ജനുവരിയിൽ വീണ്ടും ദുബായിലെത്തി ജോലിയിൽ പ്രവേശിച്ചു. മൻഖൂലിലെ ചെറുകിട ഹോട്ടലിലും ദെയ്റയിലുമായി രണ്ട് മസാജ് സെന്ററുകളായിരുന്നു മിഥുനും ആനന്ദിനും ഉണ്ടായിരുന്നത്. എത്തിയ ഉടൻ യുവതിയുട പാസ്പോർട്ട് ഇരുവരും വാങ്ങിവച്ചു. പിന്നീട് എമിറേറ്റ്സ് െഎഡിയും കൈക്കലാക്കി. ജോലിയിൽ പ്രവേശിച്ച് ആദ്യ രണ്ടുമൂന്ന് ദിവസം മൻഖൂലിലെ മസാജ് സെന്ററിലെ റിസപ്ഷനിൽ ജോലി ചെയ്തെങ്കിലും മസാജ് ചെയ്യാൻ മിഥുനും ആനന്ദും യുവതിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

തനിക്ക് മസാജ് ചെയ്യാനറിയില്ലെന്ന് പറഞ്ഞ് യുവതി വഴങ്ങാത്തപ്പോപ്പോൾ, ആ ജോലി ചെയ്താൽ കൂടുതൽ സമ്പാദിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു. എന്നിട്ടും സമ്മതിക്കാത്തപ്പോൾ താനിവിടെ ജോലി ചെയ്യുന്ന കാര്യം നാട്ടിൽ വിളിച്ചറിയിക്കുമെന്നും ലഹരിമരുന്ന് കേസിൽപ്പെടുത്തി ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്താൻ തുടങ്ങി. ആയുർവേദ മസാജ് സെന്റർ എന്നാണ് പുറമേ നിന്ന് നോക്കുമ്പോൾ തോന്നുകയെങ്കിലും അകത്ത് നടക്കുന്നത് ലഹരിമരുന്ന് ഉപയോഗവും വിൽപനയും അനാശാസ്യ പ്രവർത്തനവുമാണെന്നും യുവതി പറഞ്ഞു. വാതിൽ പോലുമില്ലാതെ കർട്ടനിട്ട് വേർതിരിച്ച കൊച്ചുകൊച്ചു മുറികളായിരുന്നു അതിനുണ്ടായിരുന്നത്. പിന്നീട് യുവതിയെ ദെയ്റയിലെ സെന്ററിലേയ്ക്ക് മാറ്റി. അവിടെയും മാനസിക പീഡനത്തിന് പുറമേ ശാരീരിക ഉപദ്രവും കൂടിയായപ്പോൾ യുവതി മസാജ് ജോലിക്കും മറ്റെല്ലാത്തിനും വഴങ്ങേണ്ടി വന്നു.

രക്ഷപ്പെടാൻ ഏറെ ആഗ്രഹിച്ചെങ്കിലും അതിന് ധൈര്യമില്ലാത്തതിനാലും പാസ്പോർട്ട് കൈയിലില്ലാത്തതിനാൽ നിയമത്തെ ഭയന്നും അതിന് മുതിർന്നില്ല. മാത്രമല്ല, യുവതി അവിടെ നിന്ന് ചാടിപ്പോകാതിരിക്കാൻ മിഥുനും ആനന്ദും തന്റെ ആളുകളെ അവിടെ നിർത്തിയിരുന്നു. നാട്ടിൽ അമ്മയ്ക്ക് സുഖമില്ലെന്നും ഉടൻ ചെല്ലണമെന്നും തിരിച്ചുവരാമെന്നും കേണപേക്ഷിച്ചെങ്കിലും അതിനും സമ്മതിച്ചില്ല.

  • രക്ഷകനായി സന്ദേശ്; എന്നാൽ കാത്തിരുന്നത് അതിലും വലിയ ചതി

ഒരിക്കൽ മസാജ് സെന്റർ സന്ദർശിച്ച സന്ദേശ് എന്ന മലയാളി യുവാവിന് യുവതിയെ കണ്ട് എന്തോ പന്തികേട് തോന്നി അന്വേഷിച്ചപ്പോഴാണ് ദുരിതം തുറന്നു പറയുന്നത്. തന്നെ താൻ രക്ഷപ്പെടുത്താമെന്ന് സന്ദേശ് യുവതിക്ക് വാക്കു കൊടുത്തെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. ആ വർഷത്തെ വിഷു ദിവസം പീഡനം ഒട്ടും താങ്ങാനാകാത്തപ്പോൾ എന്തും വരട്ടെ എന്ന് കരുതി യുവതി മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് മസാജ് സെന്ററിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് ഒരിടത്ത് ഒളിച്ചിരുന്ന് സന്ദേശിന് ഫോൺ ചെയ്തു. എഡിസിബി മെട്രോ സ്റ്റേഷനടുത്തെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന സന്ദേശ് ഒരു മണിക്കൂറിനകം അവിടെയെത്തി കൂട്ടിക്കൊണ്ടുപോയി ഒരിടത്ത് താത്കാലിക താമസ സൗകര്യം ഏർപ്പാടാക്കി. പിന്നീട് യുവാവിന്റെ താമസ സ്ഥലത്തിനടുത്ത് തന്നെ ഒരു ബെഡ് സ്പേസ് സംഘടിപ്പിച്ചുകൊടുത്തു.

എന്നാൽ, കഥ മാറുന്നത് പിന്നീടാണ്. യുവതി എവിടെയാണെന്ന് കണ്ടെത്താനാകാതെ മിഥുനും ആനന്ദും വലഞ്ഞു പിന്മാറി എന്ന് കരുതി ആശ്വസിച്ചിരിക്കുമ്പോൾ ഒരു ദിവസം സൂപ്പർമാർക്കറ്റിലെത്തിയ കൊല്ലം സ്വദേശി ഇംറാൻ, കണ്ണൂർ സ്വദേശി സൽമാൻ എന്നീ യുവാക്കളും പാലക്കാട് സ്വദേശി അപർണ എന്ന പെൺകുട്ടിയും സന്ദേശിനെ പരിചയപ്പെട്ട് സൗഹൃദമുണ്ടാക്കി. തുടർന്ന് ഒരു ദിവസം ഇവർ അവരുടെ ഒരു ബാഗ് തത്കാലത്തേയ്ക്ക് മുറിയിൽ വയ്ക്കാൻ വേണ്ടി ഏൽപ്പിച്ചു. ചതി മനസിലാക്കാതെ സന്ദേശ് അതേറ്റെടുത്തു. പിറ്റേന്ന് സന്ദേശും യുവതിയും മുറിയിലുള്ള സമയത്ത് സിെഎഡിമാരെത്തി ബാഗിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയും സന്ദേശിനെയും മുറിയുടെ ഉടമയായ ബെംഗ്ലുരു സ്വദേശിയായ കൂട്ടുകാരനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മസാജ് സെന്ററിൽ നിന്ന് ചാടിപ്പോയതിന് പ്രതികാരമായി മിഥുനും ആനന്ദും ഒരുക്കിയ കെണിയായിരുന്നു ഇതെന്ന് മനസിലാക്കുമ്പോഴേയ്ക്കും ഇരുവരും ഇരുമ്പഴിക്കുള്ളിലായിക്കഴിഞ്ഞിരുന്നു. യുവതിയെ നവംബർ 2നാണ് ഇതേ കേസിൽ കസ്റ്റഡിയിലെടുത്തത്.

  • ജയിലിൽ പിറന്ന പൊന്നോമന, ലോകം തിരിച്ചറിയാതെ നിഷ്കളങ്ക പൈതൽ

ജയിലിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് താൻ ഗർഭിണിയാണെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം യുവതി അറിയുന്നത്. എപ്പോഴാണ് തനിക്ക് ഇത്തരത്തിൽ തെറ്റുപറ്റിയതെന്ന് യുവതിക്ക് ഒാർക്കാനാകുന്നില്ല. ഒടുവിൽ ഈ വർഷം ജനുവരി 20 ന് യുവതി പെൺകുഞ്ഞിന് ജയിലിൽ ജന്മം നൽകി. മികച്ച പരിചരണമാണ് തനിക്കും കുഞ്ഞിനും ലഭിച്ചതെന്ന് യുവതി പറയുന്നു. ധരിക്കാൻ പുത്തൻ ഉടുപ്പുകൾ എനിക്കും കുഞ്ഞിനും തന്നു. നല്ല ഭക്ഷണവും പരിചരണവും നൽകി. മലയാളി നഴ്സടക്കം എല്ലാവരും മികച്ച രീതിയിലാണ് സഹായിച്ചത്.

ഒടുവിൽ യുവതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നും ചതിക്കപ്പെട്ടതാണെന്നും മനസിലാക്കി ജയിലധികൃതരുടെ റിപോർട്ടിനനുസരിച്ച് കോടതി യുവതിക്ക് ജാമ്യം അനുവദിച്ചു. ഇതിനിടെ കാര്യങ്ങളറിഞ്ഞ സന്ദേശ് ജയിലിൽ നിന്ന് തന്നെ പലരെയും വിളിച്ച് പണം ഏർപ്പാടാക്കി യുവതിക്കും കുഞ്ഞിനും താമസിക്കാനും ചെലവിനും നൽകി. എന്നാൽ ഒരു ദൈവദൂതനെ പോലെ തന്റെ ജീവിതത്തിലെത്തിയ സന്ദേശിനെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും കേസ് തീർന്നയുടൻ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങി എന്തെങ്കിലും ജോലി ചെയ്ത് മകളെ വളർത്തണമെന്നാണ് യുവതിയുടെ ആഗ്രഹം.

  • വാക്സിനേഷനില്ല, ജനന സർട്ടിഫിക്കറ്റില്ല; നിയമസഹായം അനിവാര്യം

യുവതി ഇപ്പോ താമസിക്കുന്നത് കഷ്ടിച്ച് ഒരാൾക്ക് മാത്രം കിടക്കാനുള്ള ഇടുങ്ങിയ സ്ഥലമാണ്. പ്രതിമാസം 1500 ദിർഹമാണ് ഇതിന് വാടക. കഞ്ഞിയും പയറുമാണ് ഒരു നേരം കഴിക്കുന്നത്. സജീഷ് നൽകിയ പണത്തിൽ നിന്ന് കുഞ്ഞിന് ആവശ്യമുള്ള ഭക്ഷണം മാത്രം പുറത്തുനിന്ന് വാങ്ങിക്കും. ജയിലിൽ നിന്ന് ലഭിച്ച വസ്ത്രം മാത്രമാണ് ധരിക്കാനുള്ളത്.

‘എന്നെ സഹായിക്കാൻ ഇവിടെ ബന്ധുക്കളോ കൂട്ടുകാരോ ആരുമില്ല. എന്റെ കുഞ്ഞിന് ഇതുവരെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആവശ്യമായ വാക്സിനേഷനുകൾ, പോളിയോ വാക്സിൻ ഉൾപ്പെടെ ഒന്നും എടുത്തിട്ടില്ല. ഞങ്ങൾ ഭക്ഷണത്തിനും മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കും പോലും വളരെ ബുദ്ധിമുട്ടുകയാണെന്നും യുവതി പറഞ്ഞു. നിയമ സഹായമാണ് യുവതിക്ക് ഇപ്പോൾ ഏറ്റവും അത്യാവശ്യമായ മറ്റൊരു കാര്യം. താമസിക്കാൻ എവിടെയെങ്കിലും നല്ലൊരു ഇടം ലഭിച്ചിരുന്നെങ്കിലെന്നും ആഗ്രഹിക്കുന്നു.’

കുഞ്ഞിന് രണ്ടാമത്തെ കുത്തിവയ്പ് നടത്താനുണ്ട്. അതിന് എന്തു ചെയ്യണമെന്നറിയില്ല. ഈ മാസം 20നാണ് കോടതിയിൽ അവസാനഘട്ട വിചാരണ. അതിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. തുടർന്ന് നാട്ടിലേയ്ക്ക് പോയി എന്തെങ്കിലും ജോലി ചെയ്ത് മകളെ വളർത്തണം. ഇവിടെ എന്തെങ്കിലും നല്ല ജോലി ലഭിച്ചാൽ തിരിച്ചുവരാനും തയ്യാറാണ്. കടാതെ, തന്നെ സ്വീകരിക്കാൻ സന്ദേശ് തയാറാണെന്നും അദ്ദേഹം ജയിൽമോചിതനായി തിരിച്ചുവരുന്നത് കാത്തിരിക്കുകയാണെന്നും ഭാവി പ്രതീക്ഷകൾ കൈവിടാതെ യുവതി പറഞ്ഞു. ഇതിനെല്ലാം ഇന്ത്യൻ കോൺസുലേറ്റിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായവും പിന്തുണയും നിരാലംബയായ ഈ യുവതി തേടുന്നു.

കടപ്പാട്: മനോരമ ഓൺലൈൻ 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article