മുഖപ്രസംഗം എഴുതിയതില്‍ വീഴ്ച സംഭവിച്ചു, നടപടിയെടുക്കും; എം ഡി ജെയ്‌സണ്‍ ജോസഫ്

0
123

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് മുഖപ്രസംഗം എഴുതിയതില്‍ വീക്ഷണം പത്രത്തിന് വീഴ്ച സംഭവിച്ചെന്ന് മാനേജിംഗ് ഡയറക്ടര്‍ ജെയ്‌സണ്‍ ജോസഫ്. രാഹുലിനെ അനുകൂലിച്ച് ലേഖനം വന്നതില്‍ വീക്ഷണത്തിന് ജാഗ്രതക്കുറവുണ്ടായി.

പാര്‍ട്ടിയുടെ രീതി അതല്ല. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത ഒരാളെ ന്യായീകരിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും ജാഗ്രതക്കുറവ് ഗൗരവമായി കാണുന്നുവെന്നും ജെയ്‌സണ്‍ ജോസഫ് പറഞ്ഞു. രാഹുലിനെതിരായ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. മുഖപ്രസംഗം എഴുതിയ മാധ്യമ പ്രവര്‍ത്തകനെതിരെ നടപടിയുണ്ടാകുമെന്നും ജെയ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

മുഖപ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അതൃപ്തി അറിയിച്ചിരുന്നു. തനിക്കറിയില്ല, എഴുതിയവരോട് ചോദിക്കണം എന്നായിരുന്നു വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമങ്ങളോട് വി ഡി സതീശന്‍ പ്രതികരിച്ചത്. മുഖപ്രസംഗം വായിച്ചില്ലെന്ന് പറഞ്ഞ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറി.

രാഹുലിനെ പിന്തുണച്ചുള്ള വീക്ഷണം മുഖപ്രസംഗത്തിനെതിരെ കെ മുരളീധരനും രംഗത്തെത്തിയിരുന്നു. പത്രത്തിന് അതിന്റേതായ സ്വാതന്ത്ര്യമുണ്ടെങ്കിലും പാര്‍ട്ടിയുടെ നയത്തിന് എതിരായി എഴുതരുതെന്ന് കെ മുരളീധരന്‍ പറഞ്ഞു. മുകേഷും രാഹുലും ചെയ്ത പ്രവൃത്തി ഒന്നാണ്. നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുലിനെ കോണ്‍ഗ്രസ് തിരിച്ചെടുക്കുന്നില്ല. മുകേഷിന് എന്താണ് പ്രത്യേകത? സ്ത്രീകള്‍ക്ക് നേരെ ആര് അതിക്രമം നടത്തിയാലും അത് തെറ്റാണ്. മുകേഷായാലും രാഹുലായാലും ഒരേ നിലപാടാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

രാഹുലിനെതിരെ പാര്‍ട്ടി നേരത്തേ തന്നെ നടപടിയെടുത്തതാണ്. സ്വര്‍ണം കട്ട കള്ളന്മാര്‍ ഞങ്ങളെ മര്യാദ പഠിപ്പിക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന തലക്കെട്ടോടെയായിരുന്നു ഇന്നത്തെ വീക്ഷണം മുഖപ്രസംഗം.