കൊച്ചി: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ കേസിൽ എഡിജിപി എസ്.ശ്രീജിത്തിനു നൽകിയ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി. പരാതികൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സമർപ്പിച്ച റിപ്പോർട്ടാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ റദ്ദാക്കിയത്. ശ്രീജിത്തിന്റെ അനുമതിയില്ലാതെയുള്ള വിദേശയാത്രകൾ, യൂണിഫോമിൽ യുഎയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്, ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ നടത്തിയെന്നാരോപിക്കുന്ന അഴിമതികൾ എന്നിവയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ദിപിൻ എടവന നൽകിയ പരാതികളാണ് കേസിന് ആധാരം.
പരാതികൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ഏപ്രിലിൽ സർക്കാരിനു നിർദേശം നൽകിയിരുന്നു. എന്നാൽ തന്നെയും ആരോപണവിധേയനായ ശ്രീജിത്തിനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിങ് നടത്തിയ ശേഷമാണ് ആരോപണങ്ങൾ വ്യാജമാണെന്ന റിപ്പോർട്ട് സമർപ്പിച്ചത് എന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇത് നീതിപൂർവമായ നടപടിയല്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി, പരാതിക്കാരനു സ്വതന്ത്രമായി മൊഴി നൽകാൻ അവസരം നിഷേധിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി. റിപ്പോർട്ട് റദ്ദാക്കിയ കോടതി, ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ വീണ്ടും വ്യക്തിഗത ഹിയറിങ് നടത്താനും നിർദേശിച്ചു. വിജിലൻസ് സമർപ്പിച്ച രേഖകൾ കൂടി പരിഗണിച്ച് മൂന്ന് ആഴ്ചയ്ക്കകം പുതിയ തീരുമാനമെടുക്കാനും ആഭ്യന്തര വകുപ്പിനു കോടതി നിർദേശം നൽകി.
പരാതിക്കാരന്റെ ആരോപണങ്ങൾ പരിശോധിച്ചു 3 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോടും വിജിലൻസിനോടും നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി, പരാതിക്കാരനോട് കഴിഞ്ഞ ഏപ്രിൽ 20ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മുന്നിൽ ഹാജരാകാൻ നോട്ടിസ് നൽകി. എന്നാൽ, ആരോപണം നേരിടുന്ന മുതിർന്ന ഐപിഎസ്. ഉദ്യോഗസ്ഥനായ എസ്.ശ്രീജിത്തിനെയും ഒന്നിച്ച് ഇരുത്തിക്കൊണ്ടുള്ള ഒരു ‘സംയുക്ത വിചാരണ’ ആണ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ അതിൽ പങ്കെടുത്തില്ല. പിന്നീട്, ന്യായമായ വാദം കേൾക്കാൻ തനിക്ക് അവസരം നൽകാതെ അഡീഷണൽ ചീഫ് സെക്രട്ടറി വിചാരണ അവസാനിപ്പിക്കുകയും ആരോപണങ്ങൾ ‘വ്യാജവും അടിസ്ഥാനരഹിതവുമാണ്’ എന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത് ചോദ്യം ചെയ്താണ് ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചത്. എന്നാൽ പരാതിക്കാരനു സംസാരിക്കാൻ അവസരം നൽകാനാണ് വിചാരണയ്ക്ക് വിളിച്ചത് എന്നും പ്രത്യേകം തനിച്ച് വിചാരണ വേണമെന്ന് ഹർജിക്കാരൻ ഇമെയിലിലൂടെ ആവശ്യപ്പെട്ടിരുന്നില്ല എന്നും സർക്കാർ വാദിച്ചു. വിചാരണയിൽ പങ്കെടുക്കില്ല എന്ന് മാത്രമാണ് പരാതിക്കാരൻ അറിയിച്ചത് എന്നും അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നെങ്കിൽ അത് പരിഗണിക്കാമായിരുന്നു എന്ന് സർക്കാർ പറഞ്ഞു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
