കനത്ത മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

News Desk
1 Min Read

കൊച്ചി: കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട് എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്.

എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ജൂലൈ 31 വെള്ളിയാഴ്ച ജില്ലാ കളക്ടർ ജി. പ്രിയങ്ക അവധി പ്രഖ്യാപിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ വയനാട് ജില്ലയിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31-ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും ഈ അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ഈ അവധി ബാധകമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തീരദേശ ന്യൂനമർദ്ദ പാത്തിയുടെയും അധിതീവ്ര ന്യൂനമർദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

സംസ്ഥാനത്ത് ഓഗസ്റ്റ് 2 വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ രൂപപ്പെട്ട തീരദേശ ന്യൂനമർദ്ദ പാത്തിയുടെയും പടിഞ്ഞാറൻ ഛത്തീസ്ഗഢ്, വിദർഭ, തെക്കുകിഴക്കൻ മധ്യപ്രദേശ് ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദത്തിന്റെയും സ്വാധീനത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴ തുടരും. ഈ അതിതീവ്ര ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് ദിശയിൽ നീങ്ങി ക്രമേണ തീവ്ര ന്യൂനമർദ്ദമായി മാറി വിദർഭ, തെക്കൻ മധ്യപ്രദേശിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article