സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ

News Desk
1 Min Read

നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാലിയാർ സ്വദേശിയായ യുവതിയാണ് താൻ ജന്മം നൽകിയ കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

ഇന്നലെ രാത്രി 11 മണിക്കും 12 മണിക്കും ഇടയിലാണ് ചാലിയാർ സ്വദേശിയായ യുവതിയും ഭർത്താവും നിലമ്പൂർ അകമ്പാടത്തുള്ള ഫാത്തിമ ആശുപത്രിയിൽ എത്തുന്നത്. കടുത്ത വയറുവേദനയെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.

പരിശോധനയിൽ യുവതിക്ക് അമിതമായ രക്തസ്രാവം ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന്, നിലവിൽ അവിടെ ചികിത്സ നൽകാൻ സാധിക്കില്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറാനും ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

തുടർന്ന് രക്തസ്രാവമുള്ളതിനാൽ വസ്ത്രം മാറണമെന്ന് പറഞ്ഞ് യുവതി ആശുപത്രിയിലെ ശുചിമുറിയിൽ കയറി. അല്പസമയത്തിന് ശേഷമാണ് ഇവർ പുറത്തിറങ്ങിയത്. വസ്ത്രം മാറാനായി കയറിയതാണെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ജീവനക്കാരും കരുതിയത്. ശേഷം ഇവർ ഭർത്താവിനൊപ്പം ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് പോയി. ശുചിമുറിയിൽ ചെലവഴിച്ച സമയത്താണ് യുവതി പ്രസവിച്ചതെന്നും, അതിനുശേഷം കുഞ്ഞിനെ അവിടെയുള്ള ബക്കറ്റിൽ ഉപേക്ഷിച്ചതാണെന്നുമാണ് കരുതപ്പെടുന്നത്.

ഇന്ന് രാവിലെ ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു.

സംഭവത്തിൽ നിലമ്പൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്വകാര്യ ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. യുവതിയെ കൊണ്ടുപോയ ആംബുലൻസ് ഡ്രൈവറുടെ മൊഴി പ്രകാരം അവർ നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജില്ലാ ആശുപത്രിയിലെത്തി തുടർനടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article