മുംബൈ: നീറ്റ് ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
മുംബൈ പൊലീസിന്റെ മോട്ടർ ട്രാൻസ്പോർട്ട് വിഭാഗത്തിൽ ഡ്രൈവറായ പവൻ സാംഗ്ലെയ്ക്കെതിരെയാണ് നടപടി. പവൻ കുട്ടികളെ ഭീഷണിപ്പെടുത്തുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്താനും മുബൈ പൊലീസ് ഉത്തരവിട്ടു. സിയോൺ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നയാളാണ് പവൻ.
പവൻ, വിദ്യാർഥികളെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വിഡിയോ മുംബൈ കോൺഗ്രസിന്റെ എക്സ് അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ശിവാജി പാർക്ക്, ചെമ്പൂർ, ആസാദ് മൈതാൻ തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർഥികൾ വലിയ തോതിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.
ഇവിടങ്ങളിൽ പ്രതിഷേധത്തിനെത്തിയവരോടാണ് പൊലീസിന്റെ ഭീഷണി. മുംബൈ കോൺഗ്രസ് പുറത്തുവിട്ട വിഡിയോയിൽ ഒരു കൂട്ടം വിദ്യാർഥികളോട് വീണ്ടും പ്രതിഷേധത്തിൽ പങ്കെടുത്താൽ ലഹരിക്കേസിൽ കുടുക്കുമെന്ന് പവൻ ഭീഷണിപ്പെടുത്തുന്നതു കാണാം.
പ്രതിഷേധ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഒരു കൂട്ടം യുവാക്കളാണ് വിഡിയോയിലുള്ളത്. ഇവർ പൊലീസ് വാഹനത്തിലിരിക്കുകയാണ്. വാഹനത്തിന്റെ മുൻ സീറ്റിലിരിക്കുന്ന പവൻ അവരോട് വീട്ടിലേക്ക് പോകണമെന്നും ഇനി പ്രതിഷേധത്തിനായി എത്തരുതെന്നും പറയുന്നതു കേൾക്കാം. വീണ്ടും ഇവിടെ എത്തിയാൽ ഞാൻ നിങ്ങളുടെ ജീവിതം നശിപ്പിക്കും എന്ന് പവൻ വിദ്യാർഥികളോട് പറയുന്നുണ്ട്. വ്യാജ ലഹരിക്കേസിൽ നിങ്ങളെ കുടുക്കുമെന്നും നിങ്ങളുടെ ബാഗുകളിൽ ലഹരി വച്ച് നിങ്ങളുടെ ജീവിതം തകർക്കുമെന്നും ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. വിദ്യാർഥികളുടെ പ്രതിഷേധം തന്റെ ജീവിതം ദുഷ്കരമാക്കിയെന്നും പവൻ പറഞ്ഞു.
സംഭവത്തിൽ പൊലീസുകാരനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ‘‘പുറത്തുവരുന്ന വിഡിയോ സത്യമാണെങ്കിൽ ഇത് വിദ്യാർഥികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമം മാത്രമല്ല, ജനാധിപത്യാവകാശങ്ങൾക്കു മുകളിലുള്ള കടന്നുകയറ്റമാണ്. ഒരാൾ തന്റെ ശബ്ദമുയർത്തുന്നത് കുറ്റമല്ല.
വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഭീഷണികളല്ല, ഉത്തരവാദിത്ത ബോധത്തോടെയാണ് മറുപടി നൽകേണ്ടത്’’– കോൺഗ്രസ് പറഞ്ഞു. ദിവസങ്ങളായി ജന്തർ മന്തറിൽ സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ സമരങ്ങൾ നടത്തുന്നുണ്ട്. സമരത്തിനെത്തുന്നവരെ പൊലീസ് ഡിജിറ്റലായി നിരീക്ഷിക്കുന്നുണ്ടെന്നും അവരുടെ വീടുകൾ സന്ദർശിക്കുന്നുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് പുതിയ വിഡിയോയും പുറത്തുവന്നത്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
