വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഡോദരയിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ ആദ്യമായി ബുക്ക്‌മൈഷോയിലൂടെ സൗജന്യ രജിസ്ട്രേഷൻ. രജിസ്‌ട്രേഷൻ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ലഭ്യമായ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്തു. തുടർന്ന് 42,000ത്തിലധികം പേരാണ് വെയിറ്റിംഗ് ലിസ്റ്റിലായത്. വഡോദര മുനിസിപ്പൽ കോർപ്പറേഷനാണ് ‘നമോ ഫോർ വികസിത് ഭാരത്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ രജിസ്‌ട്രേഷൻ നടപടികൾക്കായി സ്വകാര്യ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോ ഉപയോഗപ്പെടുത്തിയത്.
പരിപാടിയുടെ പ്രവേശനത്തിനും ഡിജിറ്റൽ സംവിധാനം തന്നെയാണ് ഉപയോഗിക്കുക. രജിസ്റ്റർ ചെയ്തവർക്ക് അവരുടെ ബുക്ക്‌മൈഷോ അക്കൗണ്ടിലൂടെ ഇഎം ടിക്കറ്റ് ലഭിക്കും. ഇതിലുള്ള ലൈവ് ക്യുആർ കോഡ് പരിശോധിച്ച ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. അതേസമയം, വഡോദര സന്ദർശനത്തിനിടെ 35,000 കോടിയിലധികം രൂപയുടെ വികസനപദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. പദ്ധതികളുടെ ഉദ്ഘാടനം, രാജ്യത്തിന് സമർപ്പിക്കൽ, തറക്കല്ലിടൽ എന്നിവ അടക്കമുള്ളചടങ്ങുകളാണ് നടക്കുക.
വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലെ 326 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് ഭാഗങ്ങൾ രാജ്യത്തിന് സമർപ്പിക്കുന്നതാണ് പ്രധാന പദ്ധതികളിലൊന്ന്. ഇതോടെ മുഴുവൻ ചരക്ക് ഇടനാഴിയും പ്രവർത്തനസജ്ജമാകും. 20,700 കോടിയിലധികം രൂപ ചെലവഴിച്ചാണ് പാതയുടെ നിർമാണം. ഇതിലൂടെ ഉത്തരേന്ത്യയിൽനിന്ന് മുംബയിലെ ജവഹർലാൽ നെഹ്റു പോർട്ട് ഉൾപ്പെടെയുള്ള തുറമുഖങ്ങളിലേക്ക് നേരിട്ട് ചരക്ക് റെയിൽ ഗതാഗതം സാധ്യമാകും. കയറ്റുമതിഇറക്കുമതി ചരക്കുനീക്കം വേഗത്തിലാക്കുന്നതിനൊപ്പം ഗതാഗതച്ചെലവ് കുറയ്ക്കാനും നിലവിലുള്ള റെയിൽപാതകളിലെ തിരക്ക് കുറയ്ക്കാനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ന്യൂ സനന്ദ്, ന്യൂ മകർപുര, ന്യൂ ഉംബർഗാവ്, ന്യൂ ജെഎൻപിടി എന്നിവിടങ്ങളിൽനിന്നുള്ള ചരക്ക് ട്രെയിൻ സർവീസുകളും മോദി ഫ്ളാഗ് ഓഫ് ചെയ്യും. വഡോദരയിൽനിന്ന് ടാണ്ട റോഡിലേക്ക് പുതിയ യാത്രാ ട്രെയിൻ സർവീസിനും തുടക്കമാകും. 9,700 കോടിയിലധികം രൂപയാണ് ഈ പദ്ധതികൾക്കായി ചെലവഴിക്കുന്നത്. ഏകദേശം 1,780 കോടി രൂപയുടെ മൂന്ന് ഹൈവേ പദ്ധതികൾക്കും തുടക്കമാകും. ഗുജറാത്ത് സർക്കാരിന്റെ ഏകദേശം 2,600 കോടി രൂപയുടെ വികസനപദ്ധതികളും ചടങ്ങിൽ ഉൾപ്പെടുന്നുണ്ട്. വഡോദരയുടെ രണ്ടാംഘട്ട റിംഗ് റോഡ്, കടാന അണക്കെട്ടിലെ 110 മെഗാവാട്ട് ഫ്‌ളോട്ടിംഗ് സോളാർ പദ്ധതി, പുതിയ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസ് എന്നിവ ഇതിൽപ്പെടുന്നു.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള വീടുകളുടെ പദ്ധതികളും 11 ഗ്രാമങ്ങളിലേക്കുള്ള കുടിവെള്ള വിതരണ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വഡോദരയിലെ പരിപാടികൾക്ക് ശേഷം മോദി മുംബയ് സന്ദർശിക്കും. അവിടെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്യും. ഏജന്റിക് എഐ, ടോക്കണൈസേഷൻ, ക്വാണ്ടം സാങ്കേതികവിദ്യകൾ എന്നിവയിലൂടെ വിശ്വാസ്യതയുള്ളതും പരസ്പരം ബന്ധിപ്പിക്കപ്പെട്ടതും എല്ലാവർക്കും പ്രാപ്യവുമായ സാമ്പത്തിക സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതാണ് ഇത്തവണത്തെ ഫെസ്റ്റിന്റെ പ്രധാന ചർച്ചാവിഷയം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
