ചെന്നൈ: അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്താൻ കഴിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്.അത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായാൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടി തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയ്‌യുടെ പ്രതികരണം. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെങ്കിലും അത് മറ്റുള്ളവരെ അപമാനിക്കുന്നതിനോ അധിക്ഷേപിക്കുന്നതിനോ ഉപയോഗിക്കരുതെന്ന് വിജയ് പറഞ്ഞു.
‘ഇരട്ട അർത്ഥത്തിൽ സംസാരിക്കുന്ന ചിലരെ ജനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ വീടുകളിൽ എല്ലാവർക്കും അമ്മമാരും സഹോദരിമാരുമുണ്ട്. അതിനാൽ സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.’- വിജയ് വ്യക്തമാക്കി. തഞ്ചാവൂരിൽ നടന്ന ഒരു പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷയെ പരാമർശിച്ച് നടത്തിയെന്നാരോപിക്കപ്പെടുന്ന ദ്വയാർത്ഥ പരാമർശമാണ് വിവാദമായത്. സംഭവത്തിൽ ഉദയനിധിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ താൻ തൃഷയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയിട്ടില്ലെന്നാണ് ഉദയനിധിയുടെ വിശദീകരണം.
രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അതിന്റെ പേരിൽ സ്ത്രീകളെയോ മറ്റാരെയെങ്കിലുമോ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വിജയ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്റെ വികസനത്തിന് ക്രമസമാധാനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമം പാലിക്കുന്നവർക്ക് പൊലീസ് സുഹൃത്തും നിയമം ലംഘിക്കുന്നവർക്ക് ശത്രുവുമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരും ഉദ്യോഗസ്ഥരും പൊലീസ് നടപടികളിൽ ഇടപെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഓഗസ്റ്റ് മൂന്നിന് തഞ്ചാവൂരിൽ നടന്ന കാവേരി പ്രതിഷേധത്തിനിടെയാണ് ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ ദ്വയാർത്ഥ പരമാർശം നടത്തിയെന്ന ആരോപണം ഉയർന്നത്. അടുത്ത ദിവസം ചെന്നൈയിലെ വസതിയിൽ നിന്ന് പൊലീസ് ഉദയനിധിയെ അറസ്റ്റ് ചെയ്ത് തഞ്ചാവൂരിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോകുകയും അന്നേ ദിവസം തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയുമായിരുന്നു. അതേസമയം, വിജയ് സർക്കാർ രാഷ്ട്രീയ പ്രതികാരം നടത്തുകയാണെന്ന് ഉദയനിധി ആരോപിക്കുകയും സ്ത്രീകളെ അപമാനിക്കാൻ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും വ്യക്തമാക്കുകയും ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
