ഭാര്യയെ കഴുത്തറുത്ത് കൊന്ന് തല ഫ്രിഡ്ജിൽ സൂക്ഷിച്ചു: ഭർത്താവ് അറസ്റ്റിൽ

News Desk
1 Min Read

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിലെ അപ്പാർട്മെന്റിൽ യുവതിയെ കഴുത്തറുത്ത നിലയിൽ കൊല്ലപ്പെട്ടതായി കാണപ്പെട്ട സംഭവത്തിൽ ഭർത്താവ് പൊലീസിൽ കീഴടങ്ങി. റിയ താൽക്കുദാർ എന്ന 25 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങളെ ആയുള്ളൂ.

സെപ്തംബർ ആറിന് അയൽവാസികൾ ദുർഗന്ധം അനുഭവപ്പെടുന്നതായി പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ അപ്പാർട്ട്മെന്റിലെത്തിയത്. രണ്ട് ദിവസമായി ദമ്പതികളെ കാണാനില്ലെന്നും ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അയൽവാസികൾ അറിയിച്ചു.

വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച പൊലീസ് യുവതിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തി. ശരീരത്തിൽ ഗുരുതരമായ മുറിവുകളുണ്ടായിരുന്നെന്നും തല കാണാതായിരുന്നെന്നും പൊലീസ് അറിയിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പോളിത്തീൻ കവറിൽ യുവതിയുടെ തല കണ്ടെത്തി. ഭർത്താവിനെ വീട്ടിൽ കണ്ടെത്താനായില്ല. വെള്ളിയാഴ്ചയാണ് ഇയാളെ അവസാനമായി കണ്ടതെന്ന് അയൽവാസികൾ പറഞ്ഞു.

മൃതശരീരവും തലയും പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഞായറാഴ്ച രാത്രി ഭർത്താവ് പൊലീസിൽ കീഴടങ്ങിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ കാരണം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പ്രതിയുടെ മൊഴി രേഖപ്പെടുത്തി ലഭ്യമായ തെളിവുകളുമായി പരിശോധിക്കുമെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!