ദുബായ്: അടിയന്തര സഹായത്തിനായി ലഭിക്കുന്ന ഫോൺകോളുകൾക്ക് 10 സെക്കൻഡിനകം പ്രതികരിക്കുന്നതിൽ ദുബായ് പൊലീസ് 99.8 ശതമാനം വിജയം കൈവരിച്ചതായി അധികൃതർ. 2026-ലെ ലക്ഷ്യമായിരുന്ന 97 ശതമാനത്തെ മറികടന്നാണ് നേട്ടം.
2026-ലെ രണ്ടാം പാദത്തിൽ ദുബായ് പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വഴി 13 ലക്ഷത്തിലധികം അടിയന്തര കോളുകൾ കൈകാര്യം ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പട്രോളിങ് കവറേജിൽ 98.8 ശതമാനം നേട്ടവും കൈവരിച്ചു. നിശ്ചയിച്ചിരുന്ന 97 ശതമാനം ലക്ഷ്യത്തേക്കാൾ ഉയർന്ന പ്രകടനം, എമിറേറ്റിലുടനീളമുള്ള ഫലപ്രദമായ പട്രോൾ വിന്യാസത്തിന്റെയും അതിവേഗ പ്രതികരണ സംവിധാനത്തിന്റെയും കാര്യക്ഷമത വ്യക്തമാക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.
ഉപഭോക്തൃ സേവന നിലവാരം വിലയിരുത്താൻ “മിസ്റ്ററി ഷോപ്പർ” സംവിധാനം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതായി രണ്ടാംപാദ പ്രവർത്തന അവലോകനയോഗത്തിൽ ക്രിമിനൽ അഫയേഴ്സ് വിഭാഗം ഡെപ്യൂട്ടി കമാൻഡർ- ഇൻ-ചീഫ് മേജർ ജനറൽ ഹരേബ് അൽ ഷംസി പറഞ്ഞു.
സേവനം ലഭിച്ചശേഷം ഉപയോക്താക്കളെ നേരിട്ട് ബന്ധപ്പെടുന്ന ഈ സംവിധാനത്തിലൂടെ സംതൃപ്തി വിലയിരുത്തുകയും അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുകയും ചെയ്യുന്നു. അവ സേവന മെച്ചപ്പെടുത്തലിനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനും അന്താരാഷ-്‌ട്ര നിലവാരമുള്ള തുടർച്ചയായ വികസന സംസ്കാരം ശക്തിപ്പെടുത്താനും സഹായിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ വകുപ്പിന്റെ പ്രവർത്തന സൂചികകൾ വിലയിരുത്തുകയും മുൻ തീരുമാനങ്ങളുടെ നടപ്പാക്കൽ പുരോഗതി പരിശോധിക്കുകയും ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ പൊലീസിന്റെ പ്രവർത്തന ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തു.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
