നൂറ്റാണ്ടിലെ അപൂര്‍വ്വ പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ സഊദി അറേബ്യ

News Desk
1 Min Read

ജിദ്ദ: 2027 ഓഗസ്റ്റ് രണ്ടിന് സൗദി അറേബ്യയെ കാത്തിരിക്കുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും അപൂര്‍വ്വവുമായ പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. രാജ്യത്ത് കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ദൃശ്യമാകാത്ത തരത്തിലുള്ള ഈ അത്യപൂര്‍വ്വ ആകാശവിസ്മയത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

ഗ്രഹണ സമയത്ത് ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കുന്നതോടെ പകല്‍വെളിച്ചം മാറി താല്‍ക്കാലികമായി ഇരുട്ട് പരക്കും. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളിലൂടെയാണ് പൂര്‍ണ്ണ ഗ്രഹണത്തിന്റെ പാത കടന്നുപോകുന്നത് എന്നതിനാല്‍ ശാസ്ത്ര നിരീക്ഷണ രംഗത്ത് രാജ്യത്തിന് ഇത് വലിയൊരു അവസരമായി മാറും.

ഈ പൂര്‍ണ്ണ ഗ്രഹണത്തിന്റെ ഏറ്റവും കൂടിയ ദൈര്‍ഘ്യം അയല്‍രാജ്യമായ ഈജിപ്തിലായിരിക്കും ദൃശ്യമാകുകയെങ്കിലും സൗദിയിലെ തെക്കന്‍ നഗരമായ അബഹയില്‍ ഏകദേശം 6 മിനിറ്റോളം പൂര്‍ണ്ണ ഇരുട്ട് അനുഭവപ്പെടും. ജിദ്ദയിലും പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും ഇത് 5 മിനിറ്റും 50 സെക്കന്‍ഡും നീണ്ടുനില്‍ക്കുമെന്ന് സൗദി ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി. റിയാദ് ഉള്‍പ്പെടുന്ന മധ്യമേഖല, കിഴക്കന്‍ പ്രവിശ്യകള്‍, വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാന്‍ സാധിക്കുക.

പലയിടങ്ങളിലും സൂര്യന്റെ 80 ശതമാനത്തോളം ഭാഗം ചന്ദ്രനാല്‍ മറയ്ക്കപ്പെടും. സുരക്ഷിതമായി ഗ്രഹണം വീക്ഷിക്കുന്നതിന് പ്രത്യേക ഫില്‍ട്ടറുകള്‍ ഉള്ള കണ്ണടകളോ ടെലിസ്‌കോപ്പുകളോ ഉപയോഗിക്കണമെന്നും നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നേരിട്ട് നോക്കരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജിദ്ദ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി തലവന്‍ ഡോ. മാജിദ് അബു സഹറയുടെ റിപ്പോര്‍ട്ട് പ്രകാരം ചെങ്കടല്‍ തീരത്തുനിന്ന് ആരംഭിക്കുന്ന പൂര്‍ണ്ണ ഗ്രഹണപാത മക്ക, ജിദ്ദ, തായിഫ്, അല്‍-ബാഹ, ഖമീസ് മുഷൈത്, ജിസാന്‍, നജ്റാന്‍ തുടങ്ങി രാജ്യത്തെ ഒട്ടനവധി നഗരങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ഗ്രഹണം പൂര്‍ണ്ണതയിലെത്തുമ്പോള്‍ അന്തരീക്ഷ താപനിലയിലും പ്രകാശതീവ്രതയിലും പ്രകടമായ കുറവുണ്ടാകും. കൂടാതെ സൂര്യന്റെ അന്തരീക്ഷമായ ‘കൊറോണ’ നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമാകുകയും ആകാശത്ത് ചില പ്രകാശമുള്ള നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും പകല്‍സമയത്ത് കാണാന്‍ സാധിക്കുകയും ചെയ്യും. വരുംതലമുറകള്‍ക്ക് ജ്യോതിശാസ്ത്രത്തില്‍ താല്പര്യമുണ്ടാക്കാന്‍ പോന്ന മികച്ചൊരു വിദ്യാഭ്യാസ അവസരമായിരിക്കും ഈ പ്രതിഭാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article