മക്കളെ കാറിൽ തനിച്ചിരുത്തിയ ശേഷം റസ്റ്ററന്റിൽ പോയി: മാതാപിതാക്കൾ അറസ്റ്റിൽ

News Desk
1 Min Read

കാൻസസ്: കൊടുംചൂടിൽ ആറു മക്കളെ കാറിലിരുത്തിയ ശേഷം ചിക്കൻ വിങ്സ് കഴിക്കാൻ റസ്റ്ററന്റിൽ പോയ ദമ്പതികൾ അമേരിക്കയിലെ കാൻസസിൽ അറസ്റ്റിൽ. മൈക്കൽ ക്രൂഗർ (53), ഭാര്യ ടിഫനി ക്രൂഗർ (40) എന്നിവരെയാണ് സലിന പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഴ് മാസം പ്രായമുള്ള രണ്ട് ശിശുക്കളും രണ്ടും നാലും അഞ്ചും വയസ്സുള്ള കുട്ടികളും 13 വയസ്സുകാരനും ഉൾപ്പെടെ ആറു മക്കളെയാണ് ദമ്പതികൾ കാറിൽ തനിച്ചാക്കി റസ്റ്ററന്റിനുള്ളിലേക്ക് പോയതെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ഒരു ജനൽ മാത്രം തുറന്ന നിലയിലായിരുന്ന കാറിൽ എയർ കണ്ടിഷൻ പ്രവർത്തിച്ചിരുന്നില്ല. കുട്ടികളെ കാറിൽ തനിച്ചാക്കി വിട്ടതായി ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

സംഭവസമയത്ത് പുറത്തെ താപനില 97 ഡിഗ്രി ഫാരൻഹീറ്റും ഹീറ്റ് ഇൻഡെക്സ് 100 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലുമായിരുന്നു. ഏകദേശം 20 മുതൽ 30 മിനിറ്റ് വരെ കുട്ടികൾ മേൽനോട്ടമില്ലാതെ കാറിൽ കഴിഞ്ഞിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

വിങ്സ്റ്റോപ്പ് റസ്റ്ററന്റിനുള്ളിലുണ്ടായിരുന്ന മാതാപിതാക്കളെ പൊലീസ് സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു. കുട്ടികളെ എമർജൻസി മെഡിക്കൽ സംഘം പരിശോധിച്ച ശേഷം സംരക്ഷണ കസ്റ്റഡിയിലേക്ക് മാറ്റി. കുട്ടികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സലിന പൊലീസ് അറിയിച്ചു.

മൈക്കൽ ക്രൂഗർക്കും ടിഫനി ക്രൂഗർക്കുമെതിരെ കുട്ടികളുടെ ജീവൻ അപകടത്തിലാക്കിയെന്ന കുറ്റം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇവരെ സലൈൻ കൗണ്ടി ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

കുട്ടികളെ ചൂടുള്ള വാഹനങ്ങളിൽ തനിച്ചാക്കുന്നത് അതീവ അപകടകരമാണെന്ന് സലിന ഫയർ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരതാപനില മൂന്നുമുതൽ അഞ്ചിരട്ടി വേഗത്തിലാണ് ഉയരുന്നതെന്നും ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ വാഹനത്തിനുള്ളിലെ ചൂട് ജീവന് ഭീഷണിയാകുന്ന നിലയിലെത്താമെന്നും അധികൃതർ വ്യക്തമാക്കി. ചൂടുള്ള വാഹനങ്ങളിൽ കുടുങ്ങുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനെ തുടർന്ന് പ്രതിവർഷം ശരാശരി 37 കുട്ടികളാണ് ഹീറ്റ് സ്ട്രോക്ക് മൂലം മരിക്കുന്നതെന്നാണ് അമേരിക്കൻ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article