മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടാൽ സ്പർശിക്കരുത്; സുരക്ഷാ നിർദേശങ്ങളുമായി യുഎഇ

News Desk
1 Min Read

അബുദാബി: മിസൈൽ, ഡ്രോൺ ഭീഷണികളുടെ സാഹചര്യത്തിൽ അടിയന്തര മുന്നറിയിപ്പു ലഭിക്കുകയാണെങ്കിൽ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ അധികൃതർ പുറത്തിറക്കി. ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ വ്യക്തമാക്കി. സാധാരണ ജീവിതത്തിലേക്കു മടങ്ങേണ്ട സമയം ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെയായിരിക്കും അറിയിക്കുക.

മിസൈൽ, ഡ്രോൺ എന്നിവയുടെ അവശിഷ്ടങ്ങൾ സ്പർശിക്കരുത്. കുട്ടികളെ ഒപ്പം മാത്രം നിർത്തുക. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ആവശ്യമായ മരുന്നുകളും സഹായ ഉപകരണങ്ങളും കരുതിവയ്ക്കുക. വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ സുരക്ഷിതമായി സൂക്ഷിക്കുക.

മുന്നറിയിപ്പു ലഭിച്ചാലുടൻ സുരക്ഷിത സ്ഥാനത്തേക്കു മാറുക. ഔദ്യോഗികമായി ‘എല്ലാം സുരക്ഷിതം’ എന്ന അറിയിപ്പു ലഭിക്കുന്നതുവരെ അവിടെ തുടരുക. വാതിൽ, ജനൽ, ഗ്ലാസ് ഭിത്തികൾ, ബാൽക്കണികൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽനിന്ന് അകന്നുനിൽക്കുക. കെട്ടിടത്തിനുള്ളിലെ ഉൾമുറികളിലോ ഇടനാഴികളിലോ സുരക്ഷിത ഭാഗങ്ങളിലോ അഭയം തേടുക. മിസൈൽ തടയൽ, സ്ഫോടനം, അവശിഷ്ടങ്ങൾ, സുരക്ഷാ നടപടികൾ എന്നിവയുടെ ചിത്രങ്ങളോ വിഡിയോകളോ പകർത്തരുത്.

പുറത്താണെങ്കിൽ പരിഭ്രാന്തരാകാതെ സമീപത്തെ സുരക്ഷിത കെട്ടിടത്തിലേക്കു  മാറുക.  വൈദ്യുത തൂണുകൾ, പരസ്യബോർഡുകൾ, ഗ്ലാസ് നിർമിതികൾ എന്നിവയിൽനിന്ന് അകന്നുനിൽക്കുക. അഭയം ലഭ്യമല്ലെങ്കിൽ നിലത്തു കിടന്ന് തല സംരക്ഷിക്കുക.  മാളിലോ കെട്ടിടത്തിലോ ആണെങ്കിൽ  ഗ്ലാസ് പ്രവേശന കവാടങ്ങളിൽ നിന്നു മാറിനിൽക്കുക. ലിഫ്റ്റിനു പകരം ഗോവണി ഉപയോഗിക്കുക. വാഹനം ഓടിക്കുമ്പോൾ റോഡിൽ വാഹനം നിർത്തി സംഭവങ്ങൾ കാണാനോ ചിത്രീകരിക്കാനോ ശ്രമിക്കരുത്. സുരക്ഷിത കെട്ടിടത്തിൽ അഭയം തേടിയശേഷം മാത്രമേ യാത്ര തുടരാവൂ. 

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article