2030ലെ ലോകകപ്പില്‍ ടീമുകളുടെ എണ്ണം 64 ആയി ഉയര്‍ത്തുന്നത് പരിഗണനയിലുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. ടീമുകളുടെ എണ്ണം 48ൽ നിന്ന് 64 ആയി ഉയർത്തുന്നത് ഗുണകരമാകുമെന്നാണ് ഫിഫയുടെ വിലയിരുത്തല്‍. ഈ ലോകകപ്പിന് ശേഷം വിഷയം ചര്‍ച്ച ചെയ്യുമെന്നും ഇന്‍ഫന്റിനോ പറഞ്ഞു.
1998 മുതൽ 2022 വരെ 32 ടീമുകള്‍ വീതമാണ് ഫിഫ ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുത്തത്. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണ് 2026ലേത്. 48 ടീമുകളെ ഉൾക്കൊള്ളിച്ചുള്ള ഫോർമാറ്റ് വലിയ വിജയമായിരുന്നുവെന്നാണ് ഫിഫയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് 16 ടീമുകളെക്കൂടി ഉള്‍പ്പെടുത്തി 64 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഒരുക്കാന്‍ പദ്ധതിയിടുന്നത്.
ലോകകപ്പ് സംഘടിപ്പിക്കുമ്പോൾ അത് യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും വേണ്ടി മാത്രമാകരുത്, ലോകത്തിന് മുഴുവനുമുള്ളതാകണം. ലോകകപ്പിൽ പങ്കെടുക്കാൻ ഓരോ രാജ്യത്തിനും സ്വപ്നം കാണാൻ കഴിയണം. ടീമുകളുടെ നിലവാരം വളരെ ഉയർന്നതാണെന്നും ലോകമെമ്പാടും അത് വർധിച്ചുവരികയാണെന്നും ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു.
ചെറിയ രാജ്യങ്ങൾക്ക് ലോകകപ്പിൽ പങ്കെടുക്കാൻ അവസരം നൽകിയില്ലെങ്കിൽ, മെച്ചപ്പെടാനുള്ള പ്രചോദനം അവർക്ക് നഷ്ടമാകുമെന്നും ഫിഫ പ്രസിഡന്റ് ഒരു സ്വിസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലോകകപ്പിന്റെ നൂറാം വാര്‍ഷികമാണ് 2030ല്‍ ആഘോഷിക്കുന്നത്. അതേസമയം, മല്‍സരങ്ങളുടെ എണ്ണവും ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യവും കൂടുമെന്നതിനാല്‍ ക്ലബുകളില്‍ നിന്ന് എതിര്‍പ്പുയരാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. 2030ലെ ടൂർണമെന്റിന് മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങൾ വേദിയാകും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
