ചെന്നൈ: തമിഴ്നാട്ടിൽ റെയിൽവേ ജീവനക്കാരൻ്റെ സാഹസിക ഇടപെടലിന് സോഷ്യൽ മീഡിയയിൽ ആശംസാപ്രവാഹം. ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന മധ്യവയസ്കനെ രക്ഷിക്കാൻ ഞൊടിയിടയിലായിരുന്നു ഗേറ്റ് കീപ്പറിന്റെ ഇടപെടൽ.
സ്വന്തം ജീവൻപോലും വകവെയ്ക്കാതെയാണ് ഗേറ്റ് കീപ്പർ മധ്യവയസ്കനെ രക്ഷിച്ചത്. ട്രാക്കിലേക്ക് ഓടിയെത്തിയ ജീവനക്കാരൻ ട്രാക്ക് മുറിച്ചുകടക്കുന്നയാളെ പുറത്തേക്ക് തള്ളിമാറ്റുകയുമായിരുന്നു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഘാർ കെ കലേഷ് എന്നയാളാണ് വീഡിയോ എക്സിലൂടെ പങ്കുവച്ചത്. റെയിൽവേ ഗേറ്റിന് സമീപം നിൽക്കുകയായിരുന്നു ഗേറ്റ് കീപ്പർ. ഇതിനിടെ ട്രെയിൻ വരികയും മധ്യവയസ്കൻ ഇതിന് മുന്നിൽപ്പെടുകയുമായിരുന്നു. സംഭവം കണ്ട ഗേറ്റ് കീപ്പർ ഓടിയെത്തി ഇദ്ദേഹത്തെ പിടിച്ചുമാറ്റി. തൊട്ടുപിന്നാലെ ട്രെയിന്‍ അതിവേഗത്തില്‍ കടന്നുപോകുന്നകും ദൃശ്യങ്ങളിൽ കാണാം. തലനാരിഴയ്ക്കാണ് മധ്യവയസ്കൻ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ സിർക്കാഴിയിലാണ് സംഭവമുണ്ടായത്.
സ്വന്തം ജീവൻ പണയപ്പെടുത്തി, ഒരാളെ രക്ഷിക്കാൻ ശ്രമിച്ച റെയിൽവേ ജീവനക്കാരന് വൻ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഗേറ്റ്കീപ്പറുടെ ധൈര്യത്തെയും അവസരോചിതമായ ഇടപെടലിനേയും പ്രശംസിച്ചുകൊണ്ടാണ് പലരുമെത്തുന്നത്. ദക്ഷിണ റെയിൽവേയും അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽലും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
