2 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി സഊദി സെൻട്രൽ ബാങ്ക്

News Desk
1 Min Read

റിയാദ്: സൗദി അറേബ്യയിൽ മണി എക്സ്ചേഞ്ച് രംഗത്ത് പ്രവർത്തിച്ചിരുന്ന രണ്ട് പ്രമുഖ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയതായി സൗദി സെൻട്രൽ ബാങ്ക് (സാമ) അറിയിച്ചു. ‘ഹിഷാം ഖാലിദ് സുലൈമാൻ കൽക്കത്താവി എക്സ്ചേഞ്ച് എസ്റ്റാബ്ലിഷ്‌മെന്റ്’, ‘മുഹമ്മദ് ഹമൂദ് അൽ ശരീഫ് എക്സ്ചേഞ്ച് എസ്റ്റാബ്ലിഷ്‌മെന്റ്’ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. മണി എക്സ്ചേഞ്ച് വ്യവസ്ഥകൾ നിയന്ത്രിക്കുന്ന നിയമത്തിലെ ആർട്ടിക്കിൾ 34 അടിസ്ഥാനമാക്കിയാണ് നടപടി.

സ്ഥാപനത്തിന്റെ സ്വന്തം അഭ്യർഥന മാനിച്ചാണ് കൽക്കത്താവി ഫൗണ്ടേഷന്റെ ലൈസൻസ് റദ്ദാക്കിയതെന്ന് സാമ വ്യക്തമാക്കി. എന്നാൽ നിയമത്തിലെ വിവിധ ഉപവകുപ്പുകൾ ലംഘിച്ചതിനെ തുടർന്നാണ് അൽ ശരീഫ് ഫൗണ്ടേഷനെതിരെയുള്ള നടപടി. ഈ രണ്ട് എക്സ്ചേഞ്ച് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ എന്തെങ്കിലും സാമ്പത്തിക ക്ലെയിമുകളോ മറ്റ് ഇടപാടുകളോ ബാക്കിയുള്ളവർ , തങ്ങളുടെ അവകാശങ്ങൾ പൂർത്തിയാക്കുന്നതിനായി അതത് സ്ഥാപനങ്ങളെ നേരിട്ട് സമീപിക്കണമെന്ന് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും താല്പര്യങ്ങളും അവകാശങ്ങളും നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്.

സൗദി സെൻട്രൽ ബാങ്കിന്റെ കൃത്യമായ ലൈസൻസോ അംഗീകാരമോ ഉള്ള ധനകാര്യ സ്ഥാപനങ്ങളുമായി മാത്രം പൊതുജനങ്ങൾ ഇടപാടുകൾ നടത്തണമെന്ന് അധികൃതർ ശക്തമായി ഓർമിപ്പിച്ചു. ഏതൊരു ധനകാര്യ സ്ഥാപനത്തിന്റെയും ലൈസൻസ് വിവരങ്ങൾ സൗദി സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്. ഇത് ഉപഭോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും സാമ്പത്തിക മേഖലയിലെ വിശ്വാസ്യത ഉയർത്തുന്നതിനും സഹായിക്കുമെന്നും സാമ കൂട്ടിച്ചേർത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article