വീര്യം കുറയ്ക്കാന്‍ സര്‍ക്കാര്‍, മദ്യം വാങ്ങാന്‍ പ്രായപരിധി കർശനമാക്കും; നിർദേശം മുന്നോട്ടുവച്ച് എക്സൈസ്

News Desk
1 Min Read

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം യുവാക്കളെ ആകർഷിക്കും എന്ന വിമർശനം തണുപ്പിക്കാൻ വി.ഡി. സതീശൻ സർക്കാരിന്റെ പുതിയ നീക്കം. മദ്യം വാങ്ങാനുള്ള പ്രായപരിധി കർശനമാക്കാനുള്ള നിർദേശം മുന്നോട്ടുവച്ച് എക്സൈസ് വകുപ്പ്. 23 വയസിന് താഴെ പ്രായമുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്നാണ് നിർദേശം. ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. വീര്യം കുറഞ്ഞ മദ്യം യുവാക്കളെ ആകർഷിക്കുമെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് സർക്കാരിൻ്റെ പുതിയ നീക്കം.

മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടാവുന്ന തരത്തിൽ കര്‍ശനമാക്കാനാണ് ആലോചന. ‘നോ ഐഡി നോ എൻട്രി’ എന്ന കര്‍ണാടക മാതൃകയിലാണ് 23 വയസാകാത്തവര്‍ക്ക് മദ്യ വിൽക്കുന്നതിനുള്ള നിരോധനം കര്‍ശനമാക്കുന്നത്. എക്സൈസ് മന്ത്രി കണ്ട ഫയൽ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

18 വയസായിരുന്നു സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 വയസാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇത് 23 വയസായും ഉയര്‍ത്തിയിരുന്നു. 23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കില്ല എന്ന ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ‘നോ ഐഡി നോ എൻട്രി’ എന്ന നിബന്ധന കേരളത്തിലും നടപ്പാക്കാന്‍ ആലോചിക്കുന്നത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article