മാതാപിതാക്കളും മക്കളും പുഴയിൽ ചാടി മരിച്ചു; മകളുടെ മൃതദേഹം കണ്ടെത്തിയത് രണ്ടാം ദിവസം

News Desk
1 Min Read

പിറവം: കോതമംഗലം ചെറുവട്ടൂരിൽ നിന്നു കാണാതായ കുടുംബത്തിലെ 4 പേരെ മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ഇലവഞ്ചേരി നാരായണൻ (45), ഭാര്യ പായിപ്ര പാലക്കാപറമ്പിൽ വിജിമോൾ (43), 2 വയസ്സുള്ള മകൻ, 7 വയസ്സുകാരി ഹന്നമോള്‍ എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.

ചെറുവട്ടൂരിൽ വാടക വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികൾക്കൊപ്പം മാതാപിതാക്കൾ പുഴയിൽ ചാടിയതെന്നാണു പൊലീസ് നിഗമനം. കാഴ്ച പരിമിതി ഉള്ളയാളാണു വിജിമോൾ. വെള്ളിയാഴ്ച വൈകിട്ടാണു വിജിമോളുടെയും മകന്റെയും മൃതദേഹങ്ങൾ പുഴയിൽ കണ്ടെത്തിയത്.

ആദ്യ ഘട്ടത്തിൽ സൂചന ഒന്നും ലഭിക്കാത്തതിനാൽ മൃതദേഹങ്ങൾ പൊലീസ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. രാത്രി വൈകി വിജിമോളുടെ സഹോദരനാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെ ആറ്റുതീരം പാർക്കിനു സമീപം നാരായണന്റെ മൃതദേഹവും കണ്ടെത്തി. ഹന്നമോളുടെ മൃതദേഹം ഞായറാഴ്ച രാവിലെയോടെയാണ് കണ്ടെത്തിയത്.

എക്സൈസ് ഓഫിസിനു സമീപത്തുള്ള കടവിൽ നിന്നാകാം ഇവർ പുഴയിൽ ചാടിയതെന്നാണു നിഗമനം. ടൗണിൽ നിന്നു മാറിയാണ് ഇൗ കടവ്. റോഡിൽ നിന്നു പുഴയിലേക്കു നടപ്പാതയുണ്ട്. കുട്ടികളുടെ ചെരുപ്പും വസ്ത്രങ്ങളും ഇന്നലെ പൊലീസ് പരിശോധനയിൽ കടവിൽ നിന്നു കണ്ടെടുത്തു. ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണു നാരായണനുമായി വിജിമോളുടെ വിവാഹം നടന്നത്. ‌കുടുംത്തോടൊപ്പം ചെറുവട്ടൂരിൽ താമസിച്ചു കൂലിപ്പണി ചെയ്യുകയായിരുന്നു നാരായണൻ. ഹന്നമോൾ ചെറുവട്ടൂർ ഗവ.എൽപി സ്കൂളിലെ 2–ാം ക്ലാസ് വിദ്യാർഥിയാണ്. ഒരാഴ്ചയായി കുട്ടി സ്കൂളിൽ എത്തുന്നില്ലെന്നു അധ്യാപകർ ബന്ധുക്കളെ അറിയിച്ചിരുന്നു. മൃതദേഹങ്ങൾ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article