ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി അർജന്റീനൻ താരം ലയണൽ മെസ്സി.
പതിനാറ് ഗോളുകൾ നേടിയിരുന്ന ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയെ മറികടന്ന മെസ്സി ഓസ്ട്രിയക്ക് എതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പിൽ മെസ്സി നേടുന്ന ഗോളുകളുടെ എണ്ണം 18 ആയി. ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ ഡീഗോ മറഡോണയുടെ റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക് ഇനി ഒരു അസിസ്റ്റ് കൂടി മതി.
കഴിഞ്ഞ ആഴ്ച അൾജീരിയക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന ജയിച്ച മത്സരത്തിൽ ഹാട്രിക് നേടിയാണ് മെസ്സി ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ പതിനാറ് ഗോളുകൾ എന്ന റെക്കോർഡിനൊപ്പം എത്തിയത്. നിലവിൽ 18 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിലും ഈ പതിപ്പിലും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം മെസ്സിയാണ്. രാജ്യത്തിനായി ഇരുനൂറ്റൊന്ന് മത്സരങ്ങളിൽ നിന്ന് 122 ഗോളുകൾ മെസ്സി ഇതുവരെ നേടിയിട്ടുണ്ട്. സ്വന്തം രാജ്യത്തിനായി തുടർച്ചയായ ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമാണ് അദ്ദേഹം.
മത്സരത്തിന്റെ തുടക്കത്തിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നുവെങ്കിലും ഒൻപതാം മിനിറ്റിൽ കിക്ക് എടുത്ത മെസ്സിക്ക് അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. ലോകകപ്പിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ നഷ്ടപ്പെടുത്തിയ താരം എന്ന അനാവശ്യ റെക്കോർഡും ഇതോടെ മെസ്സിയുടെ പേരിലായി. ലോകകപ്പിൽ താരം നഷ്ടപ്പെടുത്തുന്ന മൂന്നാമത്തെ പെനാൽറ്റിയാണിത്. മുൻപ് രണ്ട് പെനാൽറ്റികൾ നഷ്ടപ്പെടുത്തിയ ഘാനയുടെ അസമോവ ഗ്യാനിനെയാണ് മെസ്സി ഈ പട്ടികയിൽ മറികടന്നത്. പതിനെട്ടാം മിനിറ്റിലും മെസ്സിക്ക് ഒരു മികച്ച അവസരം ലഭിച്ചെങ്കിലും ഓസ്ട്രിയൻ പ്രതിരോധം അത് തടഞ്ഞു.
ഡാല്ലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ മുപ്പത്തിയെട്ടാം മിനിറ്റിലും ഇൻജുറി ടൈമിലുമായിരുന്നു (90+5) മെസ്സിയുടെ ഗോളുകൾ. ഫകുണ്ടോ മെദീനയുടെ അസിസ്റ്റിലാണ് മെസ്സി ആദ്യ ഗോൾ നേടിയത്.
പതിനാറ് ഗോളുകൾ നേടിയ മിറോസ്ലാവ് ക്ലോസെക്ക് പിന്നിൽ പതിനഞ്ച് ഗോളുകളുമായി ബ്രസീലിന്റെ റൊണാൾഡോയും പതിനാല് ഗോളുകൾ വീതം നേടി ഗെർഡ് മുള്ളർ, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ എന്നിവരുമാണ് റെക്കോർഡ് പട്ടികയിലുള്ളത്.
വ്യക്തിപരമായ ബുദ്ധിമുട്ടുകൾക്കും ഹാംസ്ട്രിങ് പരിക്കിനും ഇടയിലാണ് മെസ്സി ടൂർണമെന്റിൽ കളിക്കുന്നത്. അൾജീരിയക്കെതിരായ ആദ്യ ഗോളിന് ശേഷം മെസ്സി വികാരാധീനനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സുഖം പ്രാപിച്ചു വരികയാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇന്റർ മിയാമി താരമായ മെസ്സി ടൂർണമെന്റിൽ കളിക്കുന്ന കാര്യം അവസാന നിമിഷമാണ് സ്ഥിരീകരിച്ചത്.
തങ്ങളുടെ ആദ്യ മത്സരത്തിൽ അൾജീരിയയെ മൂന്ന് പൂജ്യത്തിന് തോൽപ്പിച്ച അർജന്റീന ഈ മത്സരത്തിൽ വിജയിച്ചതോടെ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കി. ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഓസ്ട്രിയ ഇന്ന് അർജന്റീനയോട് മുട്ടാനെത്തിയത്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
