സഊദിയിൽ മലയാളികൾ ഉൾപ്പെടെയുള്ള 24 നഴ്‌സുമാര്‍ക്ക് നരകയാതന; അടച്ചിട്ട മുറിയിൽ ജീവിതം, പലരും എത്തിയത് ലക്ഷങ്ങൾ നൽകി; തണലായി മലയാളി കൂട്ടായ്മ

malayalampress
2 Min Read

ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

റിയാദ്: വിസ തട്ടിപ്പിനിരയായി  റിയാദിലെത്തിയ മലയാളി അടക്കമുള്ള 24 നഴ്‌സുമാര്‍ അനുഭവിച്ചത് മാസങ്ങള്‍ നീണ്ട കടുത്ത ദുരിതം. നാട്ടിലെ റിക്രൂട്ടിങ് ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീണ് റിയാദിലെ മാന്‍പവര്‍ കമ്പനിയിലെത്തിയ കേരളം, തമിഴ്‌നാട്, കര്‍ണാടക സ്വദേശികളായ നഴ്‌സുമാരാണ് ആറു മാസത്തോളം ശമ്പളവും ചികിത്സയും പോലുമില്ലാതെ ക്യാംപില്‍ നരകയാതന അനുഭവിച്ചത്.

രണ്ടര ലക്ഷത്തോളം രൂപ വീതം വിസ ഫീസായി ഏജന്റുമാര്‍ക്ക് നല്‍കിയാണ് ഇവര്‍ പ്രവാസ ലോകത്തേക്ക് വിമാനം കയറിയത്. എന്നാൽ, ഏജന്റുമാര്‍ ഇവരെ റിയാദിലെ മാന്‍പവര്‍ കമ്പനിയിലേക്കായിരുന്നു അയച്ചിരുന്നത്. എന്നാല്‍ റിയാദില്‍ എത്തിയതോടെ ചിത്രമാകെ മാറി. വാഗ്ദാനം ചെയ്ത ജോലിയോ വേതനമോ ലഭിച്ചില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ആറു മാസമായി ഒരു രൂപ പോലും ശമ്പളം നല്‍കാതെ മാന്‍പവര്‍ കമ്പനി ഇവരെ വഞ്ചിക്കുകയായിരുന്നു.

നിത്യച്ചെലവിനു പോലും വഴിയില്ലാതെ മാന്‍പവര്‍ കമ്പനിയുടെ ക്യാംപില്‍ അടച്ചിട്ട നിലയിലായിരുന്നു ഇവരുടെ ജീവിതം. പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലാതെ കഴിച്ചുകൂട്ടിയ ഇവര്‍ മാനസികമായും ശാരീരികമായും തളര്‍ന്നു. കൂട്ടത്തിലൊരാള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും പ്രാഥമിക ചികിത്സ പോലും നിഷേധിക്കപ്പെട്ടതോടെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മുന്‍ ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവയുമായി ഇവര്‍ ബന്ധപ്പെട്ടതും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റന്‍ പോലും പരിമിതികളുണ്ടായിരുന്ന ക്യാമ്പിലെ ദുരവസ്ഥ പുറത്തറിയുന്നതും.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ്) ഭാരവാഹികള്‍ മാന്‍പവര്‍ കമ്പനിയുമായി സംസാരിച്ചെങ്കിലും അനുകൂല നിലപാടല്ല സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും എംബസിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് കമ്പനി ഇവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുകയുമായിരുന്നു.

എന്നാല്‍ ഭീമമായ തുക കടം വാങ്ങി പ്രവാസത്തിലെത്തിയ ഇവര്‍ക്ക് വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങുന്നത് വലിയ പ്രതിസന്ധിയാകുമെന്ന് വ്യക്തമായതോടെ സാമൂഹിക പ്രവര്‍ത്തകര്‍ മറ്റ് വഴികള്‍ തേടി. പ്രവാസത്തില്‍ നല്ലൊരു ഭാവിയും സ്വപ്‌നം കണ്ട് റിയാദിലെത്തിയ ഇവര്‍ക്ക് തിരിച്ച് പോക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് ഡബ്ല്യു.എം.എഫ് ഭാരവാഹികള്‍ നടത്തിയ തീവ്രശ്രമത്തിനൊടുവില്‍ റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എല്ലാവര്‍ക്കും പുതിയ ജോലി കണ്ടെത്താന്‍ സാധിച്ചു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി 24 പേരുടെയും സ്‌പോണ്‍സര്‍ഷിപ്പ് പുതിയ ആശുപത്രിയിലേക്ക് മാറ്റിയതോടെ മാസങ്ങള്‍ നീണ്ട ദുരിതത്തിനാണ് വിരാമമായത്

തങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന സംഘടനയോടും റിയാദിലെ സാമൂഹിക പ്രവര്‍ത്തകരോടും നഴ്‌സുമാര്‍ നന്ദി അറിയിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ അംഗങ്ങളായ നിഅ്മത്തുല്ല, കബീര്‍ പട്ടാമ്പി, ഡൊമിനിക് സാവിയോ, എന്നിവവരും ഇവരെ സഹായിക്കാനുണ്ടായിരുന്നു.

ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സപ്ലൈ വീസകളിലും മാന്‍പവര്‍ കമ്പനികളുടെ വ്യാജ വാഗ്ദാനങ്ങളിലും വീഴരുതെന്ന് സാമൂഹിക പ്രവര്‍ത്തകരായ നൗഷാദ് ആലുവയും നിഅ്മത്തുല്ലയും മുന്നറിയിപ്പ് നല്‍കി.

ശ്രദ്ധിക്കുക ‼️

  • ഉന്നത ജോലി സ്വപ്‌നം കണ്ട് പ്രവാസത്തിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോള്‍ അംഗീകൃത ഏജന്‍സികള്‍ വഴി കമ്പനികള്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്നത് മാത്രം തെരഞ്ഞെടുക്കുക.
  • വ്യാജ വാഗ്ദാനങ്ങളില്‍ വീണ് മാന്‍പവര്‍ കമ്പനികളിലേക്ക് സപ്ലൈ വിസയില്‍ പോകുമ്പോള്‍ ഓഫര്‍ ലെറ്ററിലെ വ്യവസ്ഥകള്‍ വ്യക്തമായി വായിച്ചു മനസ്സിലാക്കി തീരുമാനം എടുക്കുക.
  • വിസ ലഭിക്കാന്‍ ഭീമമായ തുക ഏജന്റുമാര്‍ക്ക് നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് മനസ്സിലാക്കുകയും കരാറുകള്‍ സൂക്ഷ്മമായി പരിശോധിച്ച് വാഗ്ദാനം ചെയ്യുന്ന ശമ്പളം, താമസ സൗകര്യം, ഇന്‍ഷുറന്‍സ് എന്നിവ കൃത്യമായി എഴുതി തയ്യാറാക്കിയ കരാറിലുണ്ടെന്ന് ഉറപ്പുവരുത്തുക

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article