ഭൂചലനത്തിൽ നടുങ്ങി ഇന്തോനേഷ്യ; മരണസംഖ്യ 50 കടന്നു

News Desk
1 Min Read

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ഇന്നലെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 51 ആയി. രക്ഷാപ്രവർത്തനം 30 മണിക്കൂർ പിന്നിവെ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ ഏജൻസിയായ BNPB കണക്കാക്കുന്നത്.

ഭൂചലനത്തിൻ്റെ ഫലമായി ഉണ്ടായ മണ്ണിടിച്ചിലുകളെതുടർന്ന് ഒറ്റപ്പെട്ട വിദൂരഗ്രാമങ്ങളിൽ നിരവധി പേർ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

രാജ്യത്തുടനീളം 100ലധികം പേർക്ക് പരിക്കേറ്റെന്നും, മുപ്പതിലേറെ പേരുടെ പരിക്ക് ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകളും, ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലങ്ങളും അടക്കം മൂന്നൂറിലധികം കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകളുണ്ടായി. ഭൂചലനമുണ്ടായ ഫ്ലോറസ് ദ്വീപിലെ മംഗരായ്, സിക്ക പ്രദേശങ്ങളിൽനിന്നായി മൂവായിരത്തോളം പേർ അഭയാർഥി കേന്ദ്രങ്ങളിലേക്ക് മാറി. മേഖലയിൽ ഇതുവരെ 341 തുടർചലനങ്ങളാണ് രേഖപ്പെടുത്തിയത്.

മോമിയർ തുറമുഖത്തുണ്ടായിരുന്ന യാത്രക്കാർക്കും ഭൂചലനത്തിൽ പരിക്കേറ്റു. ഇവരുടെ മുകളിലേക്ക് കെട്ടിടാവശിഷ്ടങ്ങൾ വീഴുകയും ചിലർ കടലിലേക്ക് തെറിച്ചു വീഴുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി തുടര്‍ ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.

..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article