പെൻസിൽവേനിയ: ഫിലഡൽഫിയ സ്റ്റേഡിയത്തിലെ കനത്ത മഴയിലും ഇറഖിന്റെ നെഞ്ചിൽ കനൽ കോരിയിട്ട് ഫ്രഞ്ച് പട. ഇടിത്തീപോലെ പെയ്തിറങ്ങിയ മൂന്നു ഗോളുകൾക്ക് ഇറാഖിന് മറുപടിയില്ലാതായതോടെ തകർപ്പൻ ജയത്തോടെ ഫ്രാൻസ് ലോകകപ്പ് നോക്കൗട്ടിൽ. 14, 54, 66 മിനിറ്റുകളിലാണ് ഫ്രാൻസ്, ഇറാഖിന്റെ വല കുലുക്കിയത്. കിലിയൻ എംബപെ രണ്ടു ഗോളുകളും ഉസ്മാൻ ഡെംബലെ ഒരു ഗോളും നേടി.
മത്സരത്തിൽ നേടിയ ഇരട്ടഗോളോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാം സ്ഥാനക്കാരൻ, ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പമെത്തി എംബപെ. മെസ്സി മാത്രമാണ് (18 ഗോൾ) ഇനി എംബപെയ്ക്ക് മുന്നിലുള്ളത്.
14–ാം മിനിറ്റിലായിരുന്നു എംബപെയുടെ വണ്ടർ ഗോൾ. ബോക്സിന് പുറത്തുനിന്നു പോസ്റ്റിന്റെ വലതുവശം ലക്ഷ്യമാക്കി എംബാപെ ഷൂട്ട് ചെയ്ത ബോൾ ഉയർന്നുപൊങ്ങി, ഡൈവ് ചെയത് ഗോൾകീപ്പറുടെ കയ്യുടെ അറ്റത്തുകൂടെ വലയ്ക്കകത്തേക്ക്. തുടർന്ന് ഫ്രാൻസ് പലതവണ ഇറാഖിന്റെ പോസ്റ്റ് ലക്ഷ്യമാക്കി ആക്രമണം നടത്തിയെങ്കിലും ടീമിന്റെ പ്രതിരോധം മറികടക്കാനായില്ല. എംബപെയുടെ ആദ്യ ഗോളിന് ശേഷം പ്രതിരോധത്തിലൂന്നിയ കളിയാണ് ഇറാഖും മുന്നോട്ടുവച്ചത്. ആദ്യ പകുത് അവസാനിച്ചപ്പോൾ ഫ്രാൻസ്–1 ഇറാഖ്–0.
മത്സരത്തിന്റെ 30-ാം മിനിറ്റിൽ ആരംഭിച്ച മഴ ഹാഫ് ടൈം അടുത്തതോടെ കനത്തു. ഇടിമിന്നൽ കൂടെ ശക്തമായതോടെ ഹാഫ് ടൈമിനു പിന്നാലെ മത്സരം നിർത്തിവച്ചു. പിന്നീട് രണ്ടു മണിക്കൂറിന് ശേഷമാണ് പുനരാരംഭിച്ചത്. രണ്ടാം പകുതി ആരംഭിച്ചപ്പോൾ, ഫിലഡൽഫിയ സ്റ്റേഡിയത്തിൽ മഴ നനഞ്ഞ് തണുത്ത ആരാധകർക്കായി ആവേശത്തിന്റെ നെരിപ്പോട് കത്തിച്ചിട്ടു ഫ്രാൻസ്. പത്ത് മിനിറ്റ് ഇടവേളയിൽ നേടിയത് രണ്ടു ഗോളുകൾ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
