വിവാഹ പരസ്യം വഴി പരിചയപ്പെടും, 25 സ്ത്രീകളെ കബളിപ്പിച്ച് തട്ടിയത് കോടികള്‍; അറസ്റ്റ്

News Desk
2 Min Read

താനെ: മാട്രിമോണിയല്‍ പരസ്യം വഴി പരിചയപ്പെട്ട് വിവാഹത്തട്ടിപ്പ് നടത്തി മുങ്ങുന്ന പ്രതി യുപിയില്‍ പിടിയില്‍. ഭിന്നശേഷിക്കാർ ഉള്‍പ്പടെ 25 സ്ത്രീകളെ വിവാഹം ചെയ്ത് കോടികളാണ് പ്രതി കൈക്കലാക്കിയതെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ നിന്നാണ് പ്രതി അനുജ് കുമാര്‍ ചന്ദ്രപ്രകാശ് ത്രിവേദിയെ പിടികൂടിയത്. വ്യാജമേല്‍വിലാസത്തില്‍ കഴിയുകയായിരുന്ന ഇയാളെ മെയ് 24നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അജയ് അഗര്‍വാള്‍, അജയ് സന്തോഷ് സിങ്, ജയ്പ്രകാശ് രാമചന്ദ്ര ഗുപ്ത എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇയാള്‍ വിവാഹ തട്ടിപ്പ് നടത്തിയത്.

താനെ ജില്ലയില്‍ 2022 മാര്‍ച്ച് 4ന് 75കാരിയായ വീട്ടമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മാട്രിമോണിയല്‍ പരസ്യം കണ്ട് ഇവരുടെ 45കാരിയായ മകള്‍ക്കായി വിവഹാം ആലോചിച്ച് ബന്ധപ്പെട്ട പ്രതി, അജയ് അഗര്‍വാള്‍ എന്ന പേരിലാണ് സ്വയം പരിചയപ്പെടുത്തിയത്. 2019 മാര്‍ച്ച് 1ന് ഇവരുടെ വിവാഹം നടന്നു. പിന്നീട് പ്രതി പരാതിക്കാരിയുടെ ഫ്‌ളാറ്റ് മറ്റൊരു വീട് നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്ത് വില്‍പന നടത്താന്‍ നിര്‍ബന്ധിച്ചു. ഘട്ടങ്ങളായി 82ലക്ഷം കൈക്കലാക്കുകയും ചെയ്തു.

2022 ഫെബ്രുവരി 22ന് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെന്ന പേരില്‍ ഭാര്യയുമായി ഡല്‍ഹിയിലേക്ക് പോയി. അവിടെ വെച്ച് സ്വര്‍ണവുമായി മുങ്ങിയ ഇയാള്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യുകയും ചെയ്തു. പിന്നീട് യുവതി മറ്റൊരു ട്രെയിനില്‍ മുംബൈയിലേക്ക് തിരികെ വരികയായിരുന്നു. 97ലക്ഷത്തോളം രൂപയാണ് തനിക്കും മകള്‍ക്കും നഷ്ടമായതെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് നിരവധി സ്ത്രീകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്ന് വ്യക്തമായത്.

തട്ടിപ്പിലൂടെ ലഭിച്ച പണം കൊണ്ട് ഇയാള്‍ വാങ്ങിയ 20ലക്ഷത്തിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അജയ് സന്തോഷ് സിങ് എന്ന പേരില്‍ അമരാവതിയില്‍ ഒരു യുവതിയുടെ പക്കല്‍ നിന്നും 25ലക്ഷമാണ് ഇയാള്‍ തട്ടിയെടുത്തത്. തട്ടിപ്പിന് ഇയാള്‍ക്ക് എല്ലാ സഹായവും ചെയ്ത് നല്‍കിയത് സ്വന്തം മകനാണ്. ഇയാള്‍ കേസില്‍ കൂട്ടുപ്രതിയാണ്. വ്യാജ ആധാര്‍ കാര്‍ഡ്, മൂന്ന് മൊബൈല്‍ ഫോണുകള്‍, എടിഎം കാര്‍ഡുകള്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article