‘നിർഭാഗ്യവാൻ’ ഇപ്പോഴും ആ പണം കിട്ടാതെ ഓട്ടോ ഓടിച്ച് വിശപ്പടക്കുന്നു: 10 വർഷം മുൻപ് ഒരു കോടി രൂപ ലോട്ടറിയടിച്ചിട്ടും പണം കിട്ടാതെ ദുരിതത്തിൽ

News Desk
2 Min Read

കോഴിക്കോട്: പത്തു വർഷം മുൻപ് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ച ‘നിർഭാഗ്യവാൻ’ ഇപ്പോഴും ആ പണം കിട്ടാതെ ഓട്ടോ ഓടിച്ച് വിശപ്പടക്കുന്നു. 2016 ജൂലൈ 9ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച കോയ അരീക്കരയാണ് ഇന്നും പുല്ലാളൂർ മച്ചക്കുളത്തെ വാടകവീട്ടിൽ കഴിയുന്നത്. ഒരു യാത്രയ്ക്കിടെ അരീക്കോട് ബസ് സ്റ്റാൻഡിൽ നിന്നെടുത്ത കാരുണ്യ ലോട്ടറിയിലാണ്(കെഇ 454045) കോയയ്ക്ക് ഒരു കോടി അടിച്ചത്.

എന്നാൽ ആ സന്തോഷത്തിന് ഒരു തടസ്സമുണ്ടായിരുന്നു; ടിക്കറ്റിന് ചെറിയ കേടുപാടു സംഭവിച്ചിരുന്നു. ബാങ്കിലെ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം 2016 ജൂലൈ 13ന് അദ്ദേഹം 3 സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്തേക്കു പോയി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തുടർന്ന് ഭാഗ്യക്കുറി വകുപ്പ് ഓഫിസിലെത്തി ടിക്കറ്റ് കൈമാറി. 3 മാസത്തിനു ശേഷം വരാനാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ ഉദ്യോഗസ്ഥരുടെ കയ്യിൽനിന്ന് ആ ടിക്കറ്റ് നഷ്ടപ്പെട്ടതായാണ് സംശയം.

മൂന്നു മാസത്തോളം കാത്തിരുന്നെങ്കിലും പണം കിട്ടിയില്ല. പിന്നീട് ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ ഓഫിസിലും മുഖ്യമന്ത്രിയുടെ ഓഫിസിലും പരാതി നൽകി. വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കിയതിന് മതിയായ തെളിവുകളില്ലെന്ന് കാണിച്ച് 2018 മാർച്ചിൽ ലോട്ടറി വകുപ്പ് പരാതി തള്ളി. ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റ് എ.വി.ദേവരാജൻ ഒപ്പിട്ടു നൽകിയ സാക്ഷ്യപത്രവും വകുപ്പ് സ്വീകരിച്ചില്ല. 2021ൽ കോയയുടെയും ഏജന്റ് ദേവരാജന്റെയും വാദം കേട്ട കോടതി സമ്മാനത്തുക നൽകാനുള്ള തീരുമാനമെടുക്കാൻ ലോട്ടറി വകുപ്പിനോട് നിർദേശിച്ചു. എന്നാൽ വകുപ്പോ സർക്കാരോ തുടർനടപടികളൊന്നും സ്വീകരിച്ചില്ല.

2016 മുതൽ 2021 വരെ വിവിധ ഓഫിസുകൾ‍ കയറിയിറങ്ങാൻ കോയ തിരുവനന്തപുരത്ത് താമസമാക്കി. മുൻപ് സർക്കസിൽ ജോലി ചെയ്ത പരിചയം വച്ച് സൈക്കിൾ‍ അഭ്യാസവും മറ്റും കാണിച്ചാണ് ജീവിക്കാനുള്ള വഴി കണ്ടെത്തിയത്. ഒടുവിൽ ഗതിമുട്ടിയതോടെ ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങേണ്ടിവന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് പൊലീസ് അകത്തിടുകയും ചെയ്തു.

1993ൽ ലോട്ടറിയിൽ നഷ്ടം വന്ന് കടബാധ്യതയിലായ മുൻ ലോട്ടറി ഏജന്റ് കൂടിയാണ് കോയ. 76 ലക്ഷം രൂപയോളം കടബാധ്യതയുണ്ടായി. അത് വീട്ടാൻ വീടും 70 സെന്റ് സ്ഥലവും വിൽക്കേണ്ടി വന്നു. നിലവിൽ 32 ലക്ഷത്തോളം രൂപ കടബാധ്യതയുണ്ട്. ഭാര്യ സൗദയും മക്കളുമടങ്ങുന്ന കുടുംബം 8000 രൂപ വാടക നൽകിയാണ് വാടകവീട്ടിൽ കഴിയുന്നത്. 2400 രൂപ ആഴ്ചവാടകയ്ക്ക് ഓട്ടോറിക്ഷ എടുത്ത് ഓടിച്ചാണ് 73കാരനായ കോയ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നത്. എന്നെങ്കിലും തനിക്ക് അർഹതപ്പെട്ട ഒരു കോടി കിട്ടുമെന്നും ജീവിതത്തിലെ സങ്കടങ്ങൾ തീരുമെന്നുമുള്ള പ്രതീക്ഷയിലാണ് കോയ ഇന്നു ജീവിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article