ആലുവയിൽനിന്ന് കാണാതായ പന്ത്രണ്ടുകാരിയെ പുണെയിൽ കണ്ടെത്തി

News Desk
1 Min Read

കൊച്ചി: നാലു ദിവസം മുമ്പ് ആലുവയിൽ നിന്ന് കാണാതായ 12 വയസുകാരിയെ പുണെയിൽ കണ്ടെത്തി. ഇന്നു വൈകിട്ട് നാലു മണിയോടെ പുണെ റെയിൽവേ സ്റ്റഷനിൽ വച്ച് നിസാമുദീൻ എക്സ്പ്രസിലാണ് കുട്ടി ഉണ്ടായിരുന്നത് എന്നാണ് വിവരം.

കാണാതായ കുട്ടിയെ അന്വേഷിച്ചു പോയ ആലുവ വെസ്റ്റ് പൊലീസിന്റെ രണ്ടു സംഘങ്ങളിൽ ആദ്യ സംഘമാണ് കുട്ടിയെ കണ്ടെത്തിയത് എന്നറിയുന്നു. പൊലീസ് സംഘം വൈകാതെ കുട്ടിയുമായി ആലുവയിലേക്ക് തിരിക്കും. കുട്ടിക്കൊപ്പം കൊല്ലം സ്വദേശിയായ 25കാരനേയും കണ്ടെത്തിയെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഇയാളുടെ മൊബൈൽ ഫോൺ പിന്തുടർന്നാണ് കുട്ടിയിലേക്ക് എത്തിയത് എന്നാണ് വിവരം. 

ശനിയാഴ്ച വൈകിട്ട് കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞാണ് കുട്ടി ആലുവയിലെ വീട്ടിൽ നിന്നിറങ്ങിയത്. ഇറങ്ങുന്ന സമയത്ത് അമ്മയുടെ മൊബൈൽ ഫോണും കുട്ടിയുടെ കൈവശമുണ്ടായിരുന്നു. നേരം വൈകിയിട്ടും കുട്ടി മടങ്ങിയത്താതിരുന്നതോടെ വീട്ടുകാരും ബന്ധുക്കളും സമീപവാസികളും അന്വേഷിച്ചിറങ്ങിയിരുന്നു. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് കാസർകോഡും തുടർന്ന് മംഗലാപുരത്തും ഒടുവിൽ മുംബൈ വരെ എത്തിയത് കണ്ടെത്തിയിരുന്നു. അതേ സമയം ഇടക്കിടെ ഫോൺ ഓഫാവുകയും ചെയ്തത് അന്വേഷണത്തെ തടസപ്പെടുത്തി. ഇതിനിടെയാണ് പൊലീസിന്റെ ഒരു സംഘം കുട്ടിയെ തിരക്കി പുണെയ്ക്ക് തിരിക്കുന്നത്. 

പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും തങ്ങളോട് കൃത്യമായി വിവരങ്ങൾ പങ്കുവയ്ക്കുന്നില്ലെന്നും കുടുംബം തുടക്കത്തിൽ ആരോപിച്ചിരുന്നു. എന്നാൽ അന്വേഷണം കൃത്യമായ രീതിയിൽ തന്നെ നടക്കുന്നുണ്ടെന്നും ഒന്നിലേറെ സംഘങ്ങളെ നിയോഗിച്ച് കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. ഇതിനു പിന്നാലെ ഒരു സംഘം പൊലീസ് കുട്ടിയെ അന്വേഷിച്ച് ഗോവയ്ക്ക് തിരിക്കുകയും ചെയ്തിരുന്നു. ഇതിനൊടുവിലാണ് ഇന്നു വൈകിട്ട് കുട്ടിയെ കണ്ടെത്തിയ വിവരമെത്തുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!