റിയാദ്: സഊദി അറേബ്യയും റഷ്യയും തമ്മിൽ 480 കോടി റിയാൽ മൂല്യം വരുന്ന 13 തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ സഹകരണം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ പങ്കാളിത്തം. ഗൾഫ് മേഖലയിലെ സമീപകാല സംഘർഷങ്ങളെ തുടർന്ന് പരമ്പരാഗത സഖ്യകക്ഷിയായ അമേരിക്കയുമായി (യു.എസ്) ഈ മേഖലയിലെ രാജ്യങ്ങൾക്ക് വിയോജിപ്പുകളും അതൃപ്‌തിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് റഷ്യയുമായി നിർണായക കരാറുകളിൽ സഊദി ധാരണ ആയത്.
സെന്റ് പീറ്റേഴ്സ്ബർഗ് ഇൻ്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്റെ (SPIEF) ഭാഗമായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾ ഒപ്പുവെച്ചത്. ചടങ്ങിൽ സഊദി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയ വൈസ് മന്ത്രി മൻസൂർ അൽ മുഷൈതി പങ്കെടുത്തു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ, അത്യാധുനിക ബയോടെക്നോളജി പ്രാദേശികമായി വികസിപ്പിക്കൽ, വിതരണ ശൃംഖലകളുടെ സുസ്ഥിരത ഉറപ്പാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് ഇരു രാജ്യങ്ങളിലെയും സർക്കാർ പ്രതിനിധികളും പ്രമുഖ സ്വകാര്യ കമ്പനികളും തമ്മിൽ ഈ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
മൃഗസംരക്ഷണം, ബയോസെക്യൂരിറ്റി എന്നിവ ശക്തിപ്പെടുത്തുന്നതിനായുള്ള വെറ്ററിനറി വാക്സിനുകളുടെ പ്രാദേശിക ഉത്പാദനം, കോഴി വളർത്തൽ മേഖലയിലെ സ്വയംപര്യാപ്തത ഉറപ്പാക്കൽ, കന്നുകാലി തീറ്റ വിതരണം സുഗമമാക്കൽ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ പുതിയ കരാറുകളിലൂടെ സാധിക്കുമെന്ന് മൻസൂർ അൽ മുഷൈതി വ്യക്തമാക്കി.
ഇതിനുപുറമേ, സഊദിയിലെ ചെമ്മീൻ, മത്സ്യം തുടങ്ങിയ സമുദ്രോത്പന്നങ്ങൾ പ്രമുഖ റഷ്യൻ കമ്പനികൾ വഴി ആഗോള വിപണിയിൽ എത്തിക്കാനും, സഊദി ഒട്ടകപ്പാൽ ഉത്പന്നങ്ങൾ, കോഫി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ റഷ്യൻ വിപണിയിലും അന്താരാഷ്ട്ര തലത്തിലും വിപണനം ചെയ്യാനും ഈ കരാറുകളിലൂടെ ലക്ഷ്യമിടുന്നുണ്ട്.
മേഖലയിൽ യു.എസിനോടുള്ള അതൃപ്‌തികൾക്കിടയിൽ റഷ്യയും സഊദി അറേബ്യയും തമ്മിൽ കെട്ടിപ്പടുക്കുന്ന ഈ തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തം മിഡിൽ ഈസ്റ്റിലെ മാറുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ സൂചനയായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
