അമേരിക്കയ്ക്ക് ഇറാന്റെ തിരിച്ചടി; വിവിധ ഗൾഫ് രാജ്യങ്ങളിലെ US താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

malayalampress
2 Min Read

ടെഹ്റാൻ: യു.എസ്. ആക്രമണങ്ങൾക്ക് തിരിച്ചടിയായി ബഹ്റൈനിലെ യു.എസ്. അഞ്ചാം നാവികപ്പടയ്ക്ക് നേരെയും പശ്ചിമേഷ്യയിലെ മറ്റു യുഎസ് കേന്ദ്രങ്ങൾക്കുനേരെയും ഇറാൻ്റെ ആക്രമണം. ബഹ്റൈനിലെ യു.എസ്. അഞ്ചാം നാവികപ്പടയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി.) അവകാശപ്പെട്ടു. ജോർദാനിലെ യു.എസ്. വ്യോമതാവളത്തിന് നേരെയും കുവൈത്തിന് നേരെയും ആക്രമണം നടത്തിയതായി ഐ.ആർ.ജി.സി. വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആക്രമണം പ്രതിരോധിച്ചതായി കുവൈത്ത് സേന അറിയിച്ചു. പോരാട്ടം തുടരുകയാണെന്നും അമേരിക്കൻ സൈന്യത്തിന്റെ അധിനിവേശം തുടർന്നാൽ ഇതിലും ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്നും ഐ.ആർ.ജി.സി. പ്രസ്‌താവനയിലൂടെ മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിന് സമീപം യു.എസിൻ്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ സേന വെടിവെച്ചിട്ടതിനു പിന്നാലെയാണ് ഇറാനെതിരെ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.

യു.എസ്. വ്യോമസേനയുടെയും നാവികസേനയുടെയും യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ഇറാൻ്റെ കേന്ദ്രങ്ങൾ തകർത്തത്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ശ്രമം തുടരുന്നതിനിടെയാണ് ഇറാനുമായി സൈനിക സംഘർഷം കടുപ്പിക്കുന്ന രീതിയിലുള്ള ഈ തിരിച്ചടി. ഇതിന് പിന്നാലെ തങ്ങൾക്കെതിരെയുള്ള ഒരു ആക്രമണത്തിനും ഭീഷണിക്കും മറുപടി നൽകാതിരിക്കില്ലെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. പിന്നാലെയായിരുന്നു ഇറാന്റെ ആക്രമണം. 21 ഓളം കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി.

അതേസമയം, ഇറാന്റെ തെക്കൻ മേഖലകളിൽനിന്ന് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഈ ആക്രമണങ്ങളുടെ വ്യാപ്‌തി എത്രത്തോളമുണ്ടെന്നതിൽ നിലവിൽ വ്യക്തതയില്ല. ഇറാനിൽ മൂന്ന് ഘട്ടങ്ങളായാണ് അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാറുകളുമാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നുമാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്.

പരസ്പരം ആക്രമണം നിർത്തിയെന്ന് ഇറാനും ഇസ്രയേലും പ്രഖ്യാപിച്ച് ഏതാനും മണിക്കൂർ പിന്നിട്ടപ്പോഴാണ് ഹോർമുസ് കടലിടുക്കിനു സമീപം യു.എസ്. ഹെലികോപ്റ്റർ തകർന്നുവീണത്. പിന്നാലെ ഇറാൻ തങ്ങളുടെ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടതായി ട്രംപ് സ്ഥിരീകരിച്ചു. ഈ ആക്രമണത്തിന് അമേരിക്ക മറുപടി നൽകുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. രണ്ടു പൈലറ്റുമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും ട്രംപ് അറിയിച്ചു.

ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഏപ്രിൽ 13 മുതൽ യു.എസും ഹോർമുസിൽ നാവിക ഉപരോധമേർപ്പെടുത്തി. വിലക്ക് ലംഘിച്ച് ഹോർമുസിൽ പ്രവേശിക്കുന്ന കപ്പലുകളെ ഇരുകൂട്ടരും ആക്രമിച്ചിരുന്നു. ഹോർമുസിനുമീതെ പറന്ന ഡ്രോണുകളും പരസ്‌പരം വെടിവെച്ചിട്ടു. ഉപരോധം ലംഘിക്കുന്ന കപ്പലുകളെ ലക്ഷ്യമിടാൻ കൂടി വേണ്ടിയാണ് യു.എസ്. ഇവിടെ അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിന്യസിച്ചിരുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article